ചെന്നൈക്ക് ജയം; പഞ്ചാബ് ഐപിഎല്ലില്‍നിന്നും പുറത്ത്

single-img
1 November 2020

ഇന്ന് നടന്ന ഐപിഎല്‍ മത്സരത്തില്‍ കിംഗ്‌സ് ഇലവൻ പഞ്ചാബിനെ ഒമ്പതു വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയം കണ്ടു. പഞ്ചാബ് ഉയര്‍ത്തിയ 154 റൺസ് വിജയലക്ഷ്യം ചെന്നൈ 18.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു.

ഇന്നത്തെ തോല്‍വിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യത അവസാനിക്കുകയും ചെയ്തു. 49 പന്തുകള്‍ നേരിട്ട് അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈയ്ക്കായി കൂടുതല്‍ തിളങ്ങിയത്. മത്സരത്തില്‍ റുതുരാജ് 62 റണ്‍സോടെ പുറത്താകാതെ നിന്നു.

രണ്ടാമത് ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലെസിയും റുതുരാജ് ഗെയ്ക്‌വാദും ചേര്‍ന്ന് വളരെ മികച്ച തുടക്കമാണ് നല്‍കിയത്. ഇതില്‍ 48 റണ്‍സെടുത്ത ഡുപ്ലെസിയെ ക്രിസ് ജോര്‍ദനാണ് പുറത്താക്കിയത്.പിന്നീടെത്തിയ അമ്പാട്ടി റായുഡു 30 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ നിന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 153 റണ്‍സെടുത്തത്.