ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം; ബിനീഷ് കോടിയേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
1 November 2020

ബംഗളൂരുവില്‍ ഇഡിയുടെ ചോദ്യം ചെയ്യലിനിടെ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ബിനീഷിനെ വിക്ടോറിയ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി ബിനീഷിനെ ബംഗളൂരുവില്‍ ഇഡി ചോദ്യം ചെയ്തുവരികയാണ്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അസ്വാസ്ഥ്യമുണ്ടായത്. എന്താണ് അനാരോഗ്യമെന്ന് ഇതുവരെ വ്യക്തമല്ല. ബിനീഷിന്റെ കസ്റ്റഡി കാലാവധി നാളെയാണ് അവസാനിക്കുന്നത്.തുടര്‍ന്ന് നാളെ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ആശുപത്രി പ്രവേശനം.

കോടതിയില്‍ നിന്നും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നാളെ ബിനീഷിനെ കസ്റ്റഡിയില്‍ വാങ്ങിയേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു.അതേസമയം തന്നെ സഹോദരന്‍ ബിനോയിയും അഭിഭാഷകരും ആശുപത്രിയിലെത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ബിനോയിക്കും അഭിഭാഷകര്‍ക്കും ബിനീഷിനെ നേരില്‍ കണ്ട് സംസാരിക്കാന്‍ സാധിച്ചിട്ടില്ല.