വീട്ടിലെ കാര്യങ്ങള്‍ നോക്കുക എന്നത് മാത്രമാണ് സ്ത്രീകളുടെ ജോലി; വിവാദ പരാമര്‍ശവുമായി മുകേഷ് ഖന്ന

single-img
31 October 2020

വീട്ടിലിരുന്ന് അവിടുത്തെ ജോലികള്‍ മാത്രം ചെയ്യേണ്ട സ്ത്രീകള്‍ മറ്റ് ജോലികള്‍ ചെയ്യാന്‍ തുടങ്ങിയതാണ് മീ ടൂ പോലുള്ള ക്യാംപെയിനുകള്‍ തുടങ്ങാന്‍ കാരണമെന്ന് ബോളിവുഡ് താരം മുകേഷ് ഖന്ന. ടെലിവിഷനിലെ മഹാഭാരതം, ശക്തിമാന്‍ തുടങ്ങിയ സീരിയലുകളിലൂടെ പ്രശസ്തനായ താരത്തിന്റെ വിവാദ പരാമര്‍ശം വ്യാപകമായ പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.

പുരുഷന്മാര്‍ക്ക് തുല്യമായാണ് തങ്ങളുടെ സ്ഥാനമെന്ന് സ്ത്രീകള്‍ ചിന്തിക്കാന്‍ തുടങ്ങിയതോടെയാണ് മീ ടൂ പോലെയുള്ള ആരോപണങ്ങള്‍ ഉയരാന്‍ തുടങ്ങിയത്. അതുകൊണ്ടുതന്നെ വീട്ടിലെ കാര്യങ്ങള്‍ നോക്കുക എന്നത് മാത്രമാണ് സ്ത്രീകളുടെ ജോലിയെന്നും അദ്ദേഹം പറയുകയുണ്ടായി.ഇന്ന് ഫില്‍മി ചര്‍ച്ചയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മുകേഷ് ഖന്നയുടെ ഈ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍.

സമൂഹത്തില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത് സ്ത്രീകള്‍ ജോലി ചെയ്യാന്‍ ആരംഭിച്ചതോടെയാണ്. ഇന്നാവട്ടെ സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ജോലി ചെയ്യുന്നതിനേക്കുറിച്ചാണ് സംസാരിക്കുന്നത്.എന്നാല്‍ ശരിക്കും സ്ത്രീകളുടെ ജോലിയെന്നത് വീട്ടുജോലിയാണ് എന്നും മുകേഷ് ഖന്ന പറയുന്നു.

സ്ത്രീകള്‍ ജോലി ചെയ്യാന്‍ പോകുന്നതോടെ വീട്ടിലെ കുഞ്ഞുങ്ങള്‍ക്ക് അമ്മയെ കിട്ടാതാവുന്നു. തനിക്ക് ഇങ്ങിനെ പറയേണ്ടി വരുന്നതില്‍ ഖേദമുണ്ടെന്നും മുകേഷ് ഖന്ന പറഞ്ഞു. സമൂഹത്തിലാവട്ടെ ആളുകള്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തേക്കുറിച്ചാണ് പറയുന്നത്. എന്നാല്‍ പ്രശ്നങ്ങള്‍ ഇതോടെയാണ് തുടങ്ങുന്നത്. വീട്ടില്‍ കുഞ്ഞുങ്ങള്‍ വീട്ടുജോലിക്കാരിക്കും മുതിര്‍ന്നവര്‍ക്കുമൊപ്പം എല്ലായ്പ്പോഴും ടിവി കാണേണ്ട അവസ്ഥയില്‍ എത്തുന്നു. ആധുനിക ലോകത്തില്‍ ഇക്കാര്യം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുമെന്നും മുകേഷ് ഖന്ന കൂട്ടിച്ചേര്‍ത്തു.