കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വരുന്നത് വരെ കാത്തിരിക്കും; സിപിഎം പ്രവേശനം തള്ളി ശോഭാ സുരേന്ദ്രന്‍

single-img
31 October 2020

സംസ്ഥാനത്തെ ബിജെപിക്കുള്ളില്‍ താൻ ഉന്നയിച്ച പരാതികളിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വരുന്നത് വരെ കാത്തിരിക്കുമെന്ന നിലപാടിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ബിജെപി സംസ്ഥാന നേത്രുത്വത്തിനെതിരെ പരാതി നല്‍കിയ ശോഭാ സുരേന്ദ്രന്‍ കോണ്‍ഗ്രസില്‍ പോകുമെന്നും അതല്ല, സിപിഎമ്മിൽ ചേരുമെന്നും അഭ്യൂഹം ഉണ്ടായിരുന്നു.

‘നിലവില്‍ തത്കാലം കാത്തിരിക്കണ’മെന്ന ഉപദേശമാണ് മുതിർന്ന നേതാക്കളിൽ നിന്നും ശോഭാ സുരേന്ദ്രന് ലഭിച്ചിരിക്കുന്നത്. ശോഭ നല്‍കിയ പരാതിയില്‍ കേന്ദ്രനേതൃത്വമാണ് മറുപടി പറയേണ്ടതെന്ന് പാർട്ടി നേതാക്കളായ പികെ കൃഷ്ണദാസും വിഷയങ്ങള്‍ പാർട്ടി സംസ്ഥാന വിഭാഗം ചർച്ച ചെയ്യുമെന്ന് എ എൻ രാധാകൃഷ്ണനും വ്യക്തമാക്കി. അതേസമയം താൻ സിപിഎമ്മിൽ ചേരുമെന്നും അതിനായി സിപിഎമ്മിന്‍റെ നേതൃത്വവുമായി ചർച്ചകൾ നടത്തിയെന്നുമുള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ശോഭാ സുരേന്ദ്രൻ തള്ളി.

കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയില്‍ ബിജെപിയില്‍ നിന്നും ശോഭയെ അനുകൂലിക്കുന്ന ചിലര്‍ പാര്‍ട്ടിവിട്ടിരുന്നു. കേന്ദ്രനേതൃത്വത്തിന്റെ മറുപടിക്ക് അനുസരിച്ചായിരിക്കും ശോഭയുടെ മുന്നോട്ടുള്ള നീക്കങ്ങള്‍ എന്നാണ് വിവരം.