സ്വപ്നയുടെ സ്പേസ് പാർക്ക് നിയമനത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടും നടപടിയില്ല: സർക്കാർ ഒളിച്ചുകളിക്കുന്നു

single-img
31 October 2020

സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിനെ നിയമിച്ചതിലെ ക്രമക്കേടുകൾ വ്യക്തമായിട്ടും സർക്കാർ കടപടിയെടുക്കുന്നില്ലെന്നു ആക്ഷേപം. പൊലീസിൻ്റെ ശുപാർശ ഡി.ജി.പി കൈമാറിയിട്ടും വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകാതെ സർക്കാർ ഒളിച്ചു കളിക്കുകയാണ്. ഐ ടി വകുപ്പിലെ നിയമനങ്ങളിൽ ക്രമക്കേട് നടന്നോ എന്ന് പരിശോധിക്കാൻ ചുമതലപ്പെടുത്തിയ ധനകാര്യ പരിശോധനാ വിഭാഗവും മൂന്നര മാസം കഴിഞ്ഞിട്ടും റിപ്പോർട്ട് നൽകിയിട്ടില്ല.

സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്പേസ് പാർക്ക് പിഎംയുവിൽ ജോലി ചെയ്യവേ സ്വപ്ന പല തവണ സ്വർണം കടത്തി എന്ന് വ്യക്തമായിരുന്നു. എന്നാൽ സ്പേസ് പാർക്കിലെ ജോലി സ്വപ്ന എന്തൊക്കെ കാര്യങ്ങൾക്ക് ഉപയോഗിച്ചു എന്ന് അറിയാൻ സർക്കാരിന് ഒരു താൽപര്യവുമില്ല. പത്താം ക്ലാസുകാരിയായ സ്വപ്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ശിവശങ്കറിൻ്റെ സഹായത്തോടെയാണ് ജോലിക്ക് കയറിയതെന്ന് ചീഫ് സെക്രട്ടറിതല പരിശോധനയിൽ വ്യക്തമായിരുന്നു. തുടർന്ന് കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്തു.

വ്യാജ സർട്ടിഫിക്കറ്റുമായി ജോലിക്കു കയറിയ സ്വപ്നക്ക് സർക്കാർ ശമ്പളമായി ഇരുപത് ലക്ഷം രൂപയോളം ലഭിച്ചെന്ന് അന്വഷണത്തിൽ ബോധ്യപ്പെട്ട പൊലീസ് വിജിലൻസ് അന്വേഷണമാണ് ഉചിതമെന്ന് സർക്കാരിനെ അറിയിച്ചു. സിറ്റി പൊലീസ് കമ്മീഷണറുടെ ഈ റിപ്പോർട്ട് DGP ലോക്നാഥ് ബെഹ്റ തന്നെയാണ് സർക്കാരിന് കൈമാറിയത്. എന്നാൽ ഒരു നടപടിയും ഇക്കാര്യത്തിൽ ഉണ്ടായില്ല. എറണാകുളം സ്വദേശിയായ ചെഷയർ എന്നയാളും ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകി. പുതിയ നിയമ ഭേദഗതി പ്രകാരം സർക്കാർ ആവശ്യപ്പെട്ടാലേ വിജിലൻസിന് കേസെടുത്ത് അന്വേഷിക്കാനാകു.

കിട്ടിയ പരാതി വിജിലൻസ് ഈ കാരണം പറഞ്ഞ് കൈമാറിയത് സ്വപ്നയെ നിയമിച്ച ഐടി വകുപ്പിനു തന്നെ. മൂന്നു മാസം കഴിഞ്ഞെങ്കിലും ഐടി വകുപ്പ് തുടർ നടപടിയൊന്നും സ്വീകരിച്ചതായി വിവരമില്ല. ഐ.ടി സെക്രട്ടറി ഇതു സംബന്ധിച്ച് പ്രതികരിക്കാനും തയ്യാറായില്ല.

സ്വപ്ന വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടിയതിനെ തുടർന്ന് ഐ.ടി വകുപ്പിലെ മുഴുവൻ നിയമനങ്ങളും പരിശോധിക്കാൻ ജൂലൈ 17ന് ധനകാര്യ പരിശോധനാ വിഭാഗത്തിലെ ഒരു സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. മൂന്നര മാസം കഴിഞ്ഞെങ്കിലും ഈ അന്വേഷണ സംഘം ഇടക്കാല റിപ്പോർട്ട് പോലും നൽകിയിട്ടില്ല. ഇടതുപക്ഷ അനുഭാവികളെ കുത്തിനിറച്ചാണ് അന്വേഷണ സംഘം രൂപീകരിച്ചതെന്നും വിമർശനം ഉയർന്നിരുന്നു.