നാണയം വിഴുങ്ങി ചികിത്സകിട്ടാതെ മരിച്ച മൂന്ന് വയസ്സുകാരൻ പൃഥ്വിരാജിന്റെ അമ്മയ്ക്ക് താത്കാലിക അടിസ്ഥാനത്തിൽ ജോലി

single-img
31 October 2020
mother temporary job

ആലുവയിൽ നാണയം വിഴുങ്ങിയതിന്തുടർന്ന് ചികിത്സകിട്ടാതെ മരിച്ച മൂന്ന് വയസുകാരൻ പൃഥ്വിരാജിന്റെ അമ്മ നന്ദിനിക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ ജോലി. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ക്യാഷ്വൽ സ്വീപ്പർ തസ്തികയിലാണ് നിയമന ഉത്തരവ് ലഭിച്ചത്.

പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ശ്രീമതി പി. ഐ ശ്രീവിദ്യ ഐഎഎസിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി ഡയറക്ടർ ജോസഫ് ജോൺ അറിയിച്ചതിനെ തുടർന്ന് എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസർ എം. എസ്. സുനിൽ നിയമന ഉത്തരവ് ഓഫീസിൽ വച്ച് നന്ദിനിക്ക് കൈമാറി.

പൃഥ്വിരാജ് നീതി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 35 ദിവസങ്ങളിലായി ആലുവ ജില്ലാ ആശുപത്രിക്ക് മുന്നിൽ നടത്തി വന്നിരുന്ന സമരം പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ ഇടപെടൽ കൊണ്ടും കൊവിഡ് വ്യാപനം കൊണ്ടും താത്ക്കാലികമായി നിർത്തിവച്ചിരുന്നു. പൃഥ്വിരാജിന്റെ മരണകാരണം അറിയുന്നതിനുള്ള നിയമ നടപടികളുമായി ഇതോടൊപ്പം നന്ദിനി മുന്നോട്ടുപോവുകയാണ്. നിയമന ഉത്തരവ് കൈമാറുമ്പോൾ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ സുനിൽ. സി. കുട്ടപ്പൻ, ലീഗൽ ഉപദേഷ്ടാവ് അഡ്വക്കേറ്റ് കെ. പി ഷിബി, പൃഥ്വിരാജിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ ബാബു, സഹോദരൻ തൃപ്തൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

നാണയം വിഴുങ്ങിയതിനെ തുടർന്ന് ആഗസ്ററ് മാസം ഒന്നാം തിയതിയാണ് മൂന്ന് വയസുകാരൻ പൃഥിരാജിനെ ആലുവ ജില്ല ആശുപത്രിയിലെത്തിച്ചത്. പീഡിയാട്രിക് സർജൻ ഇല്ലെന്ന കാരണത്താൽ അവിടെ നിന്നും എറണാകുളം ജനറൽ ആശുപത്രിയിലേക്കും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിലുമെത്തിച്ചു. എന്നാൽ, കുഞ്ഞിനെ കിടത്തി ചികിത്സിക്കാൻ ആശുപത്രി അധികൃതർ തയാറായിരുന്നില്ല.