കരച്ചിൽ നിർത്താത്തതിനെ തുടർന്ന് നാല് വയസുകാരിയെ പിതാവ് കഴുത്ത് ഞെരിച്ചു കൊന്നു.

single-img
31 October 2020
father kills four year old daughter

ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് കുഞ്ഞു കരച്ചിൽ നിർത്താത്തതിനെ തുടർന്ന് പിതാവ് കഴുത്തു ഞെരിച്ചു കൊന്നത്. കേസിൽ 28-കാരനായ വാസുദേവ് ഗുപ്ത എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

നോയിഡയിലുള്ള ഭാര്യയെ തേടി ഓട്ടോറിക്ഷയിൽ മകളുടെ മൃതദേഹവുമായി കറങ്ങികൊണ്ടിരിക്കെയാണ് വാസുദേവ് ഗുപ്ത അറസ്റ്റിലായത്. ടൈംസ് ഓഫ് ഇന്ത്യയാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

20 ദിവസം മുമ്പ് ഭാര്യ ഉപേക്ഷിച്ചുപോയതിനെ തുടർന്ന് സുൽത്താൻപുർ സ്വദേശിയായ വാസുദേവ് ഗുപത അസ്വസ്ഥനായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് ഗുപ്ത. മകളുടെ കരച്ചിൽ നിർത്താൻ കഴിയാതിരുന്ന ഗുപ്ത വ്യാഴാഴ്ച കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

വർഷങ്ങളായി ഖോദ കോളനിയിൽ കുടുംബത്തോടൊപ്പം വാടക വീട്ടിൽ താമസിക്കുകയായിരുന്നു ഗുപ്ത. ഭാര്യ നോയിഡയിലെ ഒരു സ്പായിലാണ് ജോലി ചെയ്തിരുന്നത്. തർക്കത്തെ തുടർന്ന് ഭാര്യ മൂന്ന് വയസുള്ള മകനേയും എടുത്ത് 20 ദിവസം മുമ്പ് വീടുവിട്ടുപോയി. നാലുവയസുകാരിയായ മകളെ ഗുപ്തയ്ക്കൊപ്പം നിർത്തി.

വ്യാഴാഴ്ച പെൺകുട്ടി ദീർഘനേരം കരഞ്ഞു. കരച്ചിൽ നിർത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഗുപ്ത കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് മകളുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് ഭാര്യക്കായി നോയിഡയിലും ഗാസിയാബാദിലുമായി ഗുപ്ത ഓട്ടോറിക്ഷയിൽ കറങ്ങി. ഗുപ്തയുടെ ഇളയ സഹോദരൻ ഇക്കാര്യം പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് അറസ്റ്റുണ്ടായത്.

സംഭവം ദിവസം വൈകുന്നേരമാണ് സഹോദരൻ രവി ഗുപതയുടെ വീട്ടിലെത്തുന്നത്. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വാതിൽ തുറന്നിട്ട നിലയിലുമായിരുന്നു. തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് താൻ മകളെ കൊന്നകാര്യവും നോയിഡയിൽ കറങ്ങുന്ന കാര്യവും ഗുപ്ത അറിയിക്കുന്നത്.

Content : Irritated by four year old daughter’s cries, father kills daughter