ബിജെപി ‘വേല്‍ യാത്ര’ നടത്തുന്നത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍; അനുമതി നല്‍കരുതെന്ന് സിപിഎമ്മും വിസികെയും

single-img
31 October 2020

തമിഴ്നാട്ടില്‍ നടത്താനിരിക്കുന്ന ബിജെപിയുടെ വേല്‍ യാത്രയ്ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സിപിഎമ്മും വിസികെയും രംഗത്ത്. ബിജെപിയുടെ ഈ യാത്ര വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധിക്കണമെന്ന് വിസികെയും സിപിഎമ്മും ആവശ്യപ്പെടുന്നത്. അടുത്തമാസം 6 മുതല്‍ലാണ് ബിജെപി യാത്ര നടത്താന്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ യാത്രയ്ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച വിസികെ മേധാവി തോല്‍ തിരുമാവലവന്‍ സംസ്ഥാന പോലീസ് മേധാവി ജെ കെ ത്രിപാഠിക്ക് നിവേദനം നല്‍കി.

സമൂഹത്തില്‍ അക്രമത്തിന് പ്രേരണ നല്‍കാനും യാത്രയിലൂടെ വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കാനുമാണ് ബിജെപി ശക്തമായി ശ്രമിക്കുന്നന്നെന്നും അതുകൊണ്ടുതന്നെ പരിപാടിക്ക് അനുമതി നല്‍കരുതെന്നും അദ്ദേഹം നിവേദനത്തില്‍ പറഞ്ഞു.സംസ്ഥാനത്ത് 2021ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനാണ് ഈ യാത്രയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ പറഞ്ഞു.

സമൂഹത്തില്‍ കൃത്രിമമായി വര്‍ഗീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ബിജെപിയുടെ ഏക ലക്ഷ്യമെന്ന് മുന്‍കാലങ്ങളില്‍ നടത്തിയ സമാനമായ റാലികള്‍ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ബിജെപി യാത്ര നടത്തിയാല്‍ അത് അക്രമത്തെ പ്രേരിപ്പിക്കുകയും കൊവിഡിന്റെ വ്യാപനത്തിന് കാരണമാവുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.