ഇന്ത്യയില്‍ ബിജെപി ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് പാകിസ്താന്റെ ഹിന്ദു പതിപ്പ്: ശശി തരൂര്‍

single-img
31 October 2020

ഇന്ത്യയില്‍ ഉണ്ടാക്കാനായി ശ്രമിക്കുന്നത് പാകിസ്താന്റെ ഒരു ഹിന്ദു പതിപ്പാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. 1947ൽ കണ്ട മുസ്ലീം വര്‍ഗീയവാദത്തിന്റെ പകര്‍പ്പാണ് ഹിന്ദുത്വ വാദമെന്നും ശശി തരൂര്‍ പറയുന്നു. ഹിന്ദുത്വ എന്നത് ഒരു രാഷ്ട്രീയ ആശയമാണെന്നും മതവിശ്വാസമല്ലെന്നും ശശി തരൂര്‍ തന്റെ ‘ദ ബാറ്റില്‍ ഓഫ് ബിലോംഗിഗ്’ (The Battle of Belonging) എന്ന പുതിയ പുസ്തകത്തില്‍ വ്യക്തമാക്കി.

ഇന്നാണ് തരൂരിന്റെ ഈ പുതിയ പുസ്തകം പുറത്തിറങ്ങിയത്. ‘ഹിന്ദു ഇന്ത്യ’ എന്നത് ഹിന്ദുവായിരിക്കില്ലെന്നും മറിച്ച് ‘സംഘി ഹിന്ദുത്വ രാജ്യ’മായിരിക്കുമെന്നും അത് ആകെ മറ്റൊരു രാജ്യമായിരിക്കുമെന്നും ശശി തരൂര്‍ ഇതിലൂടെ വ്യക്തമാക്കി.

‘നമ്മള്‍ സ്‌നേഹിക്കുന്ന ഇന്ത്യയെ സംരക്ഷിക്കാനാണ് എന്നെപ്പോലുള്ള ആളുകള്‍ ശ്രമിക്കുന്നത്, അല്ലാതെ നാം സ്‌നേഹിക്കുന്ന രാജ്യത്തെ ഒരു മതരാജ്യമാക്കി മാറ്റാനല്ല.’ എന്നും ശശി തരൂര്‍ വ്യക്തമാക്കി. ഇന്ത്യ എന്ന രാജ്യം ഒരിക്കല്‍ തള്ളിക്കളഞ്ഞ വഞ്ചനാപരമായ മതഭ്രാന്താണ് ഹിന്ദുത്വ ആശയം മുന്നോട്ടു വെക്കുന്നതെന്നും തരൂര്‍ പറയുന്നു.

ഇതോടൊപ്പം തന്നെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ നിയമമായ പൗരത്വ നിയമ ഭേദഗതിയെയും ആലിഫ് ബുക് കമ്പനി പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ശശി തരൂര്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ‘ഹിന്ദു പാകിസ്താന്‍’ എന്ന തലക്കെട്ടിലുള്ള അധ്യായത്തിലാണ് ബിജെപി നേതൃത്വത്തിനെതിരെ തരൂര്‍ രൂക്ഷമായ പ്രതിഷേധമുയര്‍ത്തുന്നത്. ‘ഇന്ത്യയില്‍ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പ് ഉണ്ടാക്കാനുള്ള ഭരണകക്ഷിയുടെ ശ്രമത്തെയാണ് ഞാന്‍ എതിര്‍ക്കുന്നത്. അതിനായല്ല നാം സ്വാതന്ത്ര്യ സമരത്തില്‍ പോരാടിയത്. അതായിരുന്നില്ല ഇന്ത്യന്‍ ഭരണഘടന മുന്നോട്ടു വെക്കുന്ന ആശയം.’ തരൂര്‍ എഴുതുന്നു.