ടി20 ക്രിക്കറ്റില്‍ 1000 സിക്സറുകള്‍; റെക്കോഡ് സ്വന്തമാക്കി ‘ഒരേയൊരു’ ക്രിസ് ഗെയ്ല്‍

single-img
30 October 2020

വിന്‍ഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്‌ലിന്റെ കരിയറിലേക്ക് ഒരു ലോക റെക്കോഡ് കൂടി. ട്വന്റി 20 ക്രിക്കറ്റില്‍ 1000 സിക്‌സറുകളെന്ന ലോക റെക്കോര്‍ഡ് ഇന്ന് കുറിച്ചിരിക്കുകയാണ് അദ്ദേഹം. കുട്ടി ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഈ നേട്ടം കൈവരിച്ച ആദ്യ ക്രിക്കറ്റര്‍ കൂടിയാണ്ഗെയ്ല്‍.

ഇന്ന് നടന്ന ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി നടത്തിയ മികച്ച ഇന്നിങ്‌സാണ് ഗെയ്‌ലിനെ റെക്കോര്‍ഡ് കുറിക്കാന്‍ സഹായിച്ചത്. മത്സരത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ ഗെയ്ല്‍ സെഞ്ച്വറിക്ക് ഒരു റണ്ണകലെ പുറത്താവുകയായിരുന്നു. കേവലം 63 പന്തില്‍ എട്ടു കൂറ്റന്‍ സിക്‌സറും ആറു ബൗണ്ടറികളുമടക്കമാണ് ഗെയ്ല്‍ 99 റണ്‍സ് വാരിക്കൂട്ടിയത്. ഈ മല്‍സരത്തില്‍ ഇറങ്ങുമ്പോള്‍ 993 സിക്‌സറുകളാണ് വിവിധ ടൂര്‍ണമെന്റുകളിലായി ഗെയ്‌ലിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.

കളിയുടെ 19ാം ഓവറിലായിരുന്നു ക്രിക്കറ്റ് ലോകം മുഴുവന്‍ കാത്തിരുന്ന സുവര്‍ണനിമിഷം സംഭവിച്ചത്. രാജസ്ഥാന്റെ യുവ പേസറായ കാര്‍ത്തിക് ത്യാഗിയുടെ പന്ത് മിഡ് വിക്കറ്റിനു മുകളിലൂടെ പായിച്ചാണ് 1000 സിക്‌സറുകളെന്ന റെക്കോര്‍ഡിലേക്ക് ഗെയ്ല്‍ എത്തിയത്. പിന്നാലെ 20ാം ഓവറിലെ മൂന്നാം പന്തില്‍ ജോഫ്ര ആര്‍ച്ചര്‍ക്കെതിരേ ഒരു സിക്‌സര്‍ കൂടി നേടിയ അദ്ദേഹം സമ്പാദ്യം 1001 സിക്‌സറുകളാക്കുകയും ചെയ്തു.

ഈ നേട്ടത്തില്‍ ഗെയ്‌ലിന്‍റെ പിന്നില്‍ രണ്ടാംസ്ഥാനത്തുള്ളത് നാട്ടുകാരനും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കളിക്കാരനുമായ കറെന്‍ പൊള്ളാര്‍ഡാണ്. എന്നാല്‍ പോലും 690 സിക്‌സറുകളാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്.