ഇവിടുന്ന് വാങ്ങിയ പ്ലാസ്റ്റിക് കിറ്റ് ഉപയോഗ ശേഷം തിരികെ തന്നാൽ രണ്ട് രൂപ; വ്യത്യസ്തനായി സുധീഷ് തട്ടേക്കാട്

single-img
29 October 2020

ഒത്തിരി കാര്യം നമുക്ക് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാം. പക്ഷെ ചെയ്തു കാണിക്കാൻ ചുരുക്കം ചിലർക്കേ പറ്റൂ. പരിസ്ഥിതി സ്നേഹത്തിന്റെ വേറിട്ട മാതൃകയുമായി ഒരു വ്യാപാരി. തന്റെ കൈയ്യിൽ നിന്നും മേടിക്കുന്ന പ്ലാസ്റ്റിക് കിറ്റുകൾ ഉപയോഗ ശേഷം തിരികെയെത്തിച്ചാൽ പണം നൽകി തിരികെ വാങ്ങുകയാണ് തട്ടേക്കാട് സ്വദേശി സുധീഷ്.

സുധീഷിന്റെ ആശയത്തിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ തന്റെ പക്കൽ നിന്നും സാധനം വാങ്ങിക്കൊണ്ടു പോകുന്നവർ പ്ലാസ്റ്റിക് സഞ്ചി ഉപയോഗം കഴിഞ്ഞ് മടക്കി നൽകിയാൽ രണ്ടു രൂപ നൽകുന്ന വഴിയോര കച്ചവടക്കാരനെക്കുറിച്ചുള്ള പോസ്റ്റുകൾ.

 കഴിഞ്ഞ കുറെ വർഷങ്ങളായി തട്ടേക്കാട് സലീം അലി പക്ഷി സങ്കേതവുമായി ബന്ധപ്പെട്ട് ഗൈഡായി ജോലി നോക്കിയിരുന്ന സുധീഷിന് കോവിഡ് മഹാമാരിയുടെ വരവോടെ സഞ്ചാരികളുടെ വരവ് നിലച്ചു തൊഴിൽ നഷ്ടപ്പെടുകയായിരുന്നു. സഞ്ചാരികൾക്ക് വിലക്ക് നീങ്ങി തുടങ്ങിയെങ്കിലും അഭ്യന്തര സഞ്ചാരികൾ മാത്രമാണ് എത്തുന്നത്. ജീവിതം വഴിമുട്ടിയ സാഹചര്യത്തിൽ പക്ഷി സങ്കേതത്തിന് മുന്നിൽ പഴക്കച്ചവടം ആരംഭിക്കുകയായിരുന്നു സുധീഷ്.

റോഡിലും, വനപ്രദേശങ്ങളിലും പഴങ്ങൾ പൊതിഞ്ഞു നൽകിയ പ്ലാസ്റ്റിക് കവറുകൾ ഉപേക്ഷിക്കപ്പെടുന്ന സാഹചര്യത്തിൽ, താൻ നൽകുന്ന കവറുകൾ തിരിച്ച് എടുക്കുവാൻ തീരുമാനിക്കുകയായിരുന്നു. കവറുകൾ തിരിച്ചേൽപ്പിക്കാൻ മടിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ഒരോ കവറിനും രണ്ട് രൂപ വീതം നൽകുമെന്ന് ബോർഡ് സ്ഥാപിക്കുകയും ചെയ്തതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സുധിഷ് പറഞ്ഞു. കാട്ടിലും തെരുവോരങ്ങളിലും ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷിച്ച് മൃഗങ്ങൾ ചത്തൊടുങ്ങുന്ന കാഴ്ചകളാണ് ടൂറിസ്റ്റ് ഗൈഡ് കൂടിയായ സുധീഷിനെ ഇത്തരത്തിലൊരു തീരുമാനത്തിലെത്താൻ പ്രേരിപ്പിച്ചത്.