പാകിസ്താന് തിരിച്ചടി; ഇന്ത്യാ വിരുദ്ധ നീക്കങ്ങളെ പരസ്യമായി എതിര്‍ത്ത് സൗദിയും ഇറാനും

single-img
29 October 2020

പാകിസ്താന്‍ നടത്തുന്ന ഇന്ത്യ വിരുദ്ധ നീക്കങ്ങളെ പരസ്യമായി എതിര്‍ത്ത് സൗദി അറേബ്യയും ഇറാനും. സംഘര്‍ഷവും തര്‍ക്കവും നിലനില്‍ക്കുന്ന ജമ്മു കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയതിന്റെ വാര്‍ഷികത്തില്‍ കരിദിനം ആചരിക്കാനുള്ള പാക് സര്‍ക്കാര്‍ നീക്കത്തെ കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളും എതിര്‍ത്തു.

ഈ എതിര്‍പ്പ് ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയില്‍ സുന്നി സഖ്യത്തെ നയിക്കുന്ന സൗദി അറേബ്യയുടെയും ഷിയ സഖ്യത്തെ നയിക്കുന്ന ഇറാന്റെയും നിലപാടുകള്‍ മേഖലയിലെ പുതിയ നയം മാറ്റത്തിന്റെകൂടി സൂചനയാണ് നല്‍കുന്നത്. ഈ മാസം 27ന് ടെഹ്‌റാന്‍ സര്‍വകലാശാലയില്‍ കരിദിനം ആചരിക്കാനായിരുന്നു ഇറാനിലെ പാക് എംബസി നല്‍കിയിരുന്ന നിര്‍ദ്ദേശം. പക്ഷെ ഇവിടെ അത്തരമൊരു പരിപാടി നടത്തേണ്ടതില്ലെന്നായിരുന്നു ഇറാന്റെ തീരുമാനം.

മാത്രമല്ല, ഇതിന് സമാന നിലപാടാണ് സൗദി അറേബ്യയും സ്വീകരിച്ചത്. സൗദിയിലെ റിയാദില്‍ പാക് കോണ്‍സുലേറ്റില്‍ പൊതുപരിപാടി സംഘടിപ്പിക്കാനുള്ള നീക്കമാണ് സൗദി വിലക്കിയത്. അന്താരാഷ്ട്ര വേദികളിലെല്ലാം ഇന്ത്യന്‍ വിരുദ്ധ നിലപാടും നടപടികളുംകൊണ്ട് മറ്റു രാജ്യങ്ങളുടെ പിന്തുണ തേടാറുള്ള പാകിസ്താന്റെ പതിവു നയതന്ത്രമാണ് ഇവിടെ പരാജയപ്പെട്ടത്.

അതേപോലെ തന്നെ സൗദിയുടെ പാകിസ്താന്‍ നിലപാടുകള്‍ പ്രകടമായ മാറ്റമുണ്ടായിട്ടുണ്ട്. പാകിസ്താന് തങ്ങള്‍ ലഭ്യമാക്കിയ മൂന്ന് ബില്യണ്‍ ഡോളര്‍ വായ്പ എത്രയും വേഗം തിരിച്ചടയ്ക്കണമെന്ന് സൗദി നേരത്തേ അറിയിച്ചിരുന്നു. അതിന് പിന്നാലെ കരസേനാ മേധാവി ഖമര്‍ ജാവേദ് ബജ്വയെ റിയാദില്‍ അയച്ച് അനുരഞ്ജനത്തിനായി ശ്രമിച്ചെങ്കിലും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരം പോലും നിഷേധിക്കപ്പെട്ടു.