മലയാളികളിൽ ഭൂരിഭാഗവും ജീവിക്കുന്നത് ജന്മ നക്ഷത്രങ്ങളോടുള്ള പേടിയിലാണ്; ജ്യോതിഷം എന്നത് തട്ടിപ്പോ ശാസ്ത്രമോ; ഡോ. സുരേഷ് സി പിള്ള പറയുന്നത്

single-img
29 October 2020

ജ്യോതിഷം നല്ല രസകരമായ പരിപാടി നമ്മളെക്കുറിച്ച് നല്ലത് കേൾക്കാനും, പ്രയാസമേറിയ കാര്യങ്ങളിൽ നമുക്ക് പ്രത്യാശ കിട്ടാനും ജ്യോത്സ്യം നല്ലതാണ്. എന്നാൽ ജ്യോതിഷം എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണോ? അതോ നമ്മുടെ വിശ്വാസത്തെ മുതലെടുക്കുന്ന കള്ളാ നാണയമോ? ഡോ : സുരേഷ് സി പിള്ള തന്റെ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞത് നോക്കാം.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

നക്ഷത്രങ്ങളെ പേടിക്കുന്നവർ.

തൃക്കേട്ടയായിരുന്നു അമ്മയുടെ നക്ഷത്രം.

അമ്മയുടെ ചേച്ചി അമ്മുപേരമ്മയും തൃക്കേട്ട ആയിരുന്നു.

‘അമ്മ ചെറുപ്പത്തിലേ പറയുമായിരുന്നു “എന്റെ അനുഭവങ്ങൾ എല്ലാം അമ്മു ചേച്ചിയുടെ പോലെയെന്ന്”.

തൊണ്ണൂറുകളുടെ ആദ്യം പെട്ടെന്ന് അമ്മു പേരമ്മയുടെ മകൻ കുഞ്ഞുമോൻ ചേട്ടൻ 27 മത്തെ വയസ്സിൽ പെട്ടെന്നുണ്ടായ അസുഖത്താൽ മരിക്കുന്നു. അന്നെനിക്ക് പതിനേഴ് വയസ്സ്. അമ്മയുടെ ഉറക്കം അന്നോടെ തീർന്നു. എനിക്ക് 28 മത്തെ വയസ്സു പൂർത്തി ആയപ്പോളാണ് അമ്മ ശരിക്ക് ഉറങ്ങാൻ തുടങ്ങിയത്. പിന്നെ പതിയെ പതിയെ അമ്മയുടെ നക്ഷത്രങ്ങളിൽ ഉള്ള വിശ്വാസം എങ്ങിനെയോ കുറഞ്ഞു വന്നു.

എന്നിരുന്നാലും ‘അമ്മ പത്തു വർഷത്തോളം എനിക്കെന്തോ ആപത്തു വരും എന്ന് അതിയായി ഭയന്നിരുന്നു. ഇതേപോലെയുള്ള പല പല ഭയത്തോടും കൂടി ജീവിക്കുന്നവർ ആണ് മലയാളികളിൽ ഭൂരിഭാഗവും. നക്ഷത്രങ്ങളോടുള്ള പേടി.

കഴിഞ്ഞ വർഷം ഒരു പക്ഷെ നിങ്ങൾ ഓർക്കുന്നുണ്ടാവും, വളരെ പ്രശസ്തനായ ഒരു വാസ്തു/ ജ്യോതിഷ പണ്ഡിതൻ താൻ പ്രവചിച്ച മഴയെക്കുറിച്ചുള്ള വിഷു ഫലത്തിൽ പറഞ്ഞിരുന്നത് ” ജൂലൈ 17 മുതല് ആഗസ്റ്റ് 1 വരെ മഴ അത്രയൊന്നും ലഭിക്കില്ല. ആഗസ്റ്റ് 1 മുതല് 17 വരെ കുറച്ചൊക്കെ മഴ കിട്ടും. വന പര്വ്വതങ്ങളില് കഴിഞ്ഞ വര്ഷം ലഭിച്ച അത്രയൊന്നും മഴ ഈ വര്ഷം ലഭിക്കില്ല.” എന്നാണ്.

അദ്ദേഹത്തിന്റെ ജ്യോതിഷ കണക്കു കൂട്ടലിൽ മഴ പെയ്യില്ല എന്ന് കണ്ടെങ്കിലും , കേരളത്തിൽ വൻ പ്രളയം ഉണ്ടായി എന്നതും നമുക്ക് മറക്കാൻ പറ്റില്ല.

വലിയ ബുദ്ധിമാനായ അദ്ദേഹത്തിന്റെ പത്രക്കുറിപ്പും വന്നു “തെറ്റിയത് തനിക്കാണ്, ജ്യോതിഷത്തിനല്ല” തെറ്റിയത് ജ്യോതിഷത്തിന് എന്ന് പറഞ്ഞാൽ എല്ലാ ജോതിഷികളുടെയും പണി തീർന്നു. തനിക്കെന്ന് പറഞ്ഞാൽ തന്റെ ബിസിനസ്സിൽ ഇത്തിരി ഇടിവു വരും പക്ഷെ ജ്യോതിഷത്തിൽ ജനങ്ങൾ വിശ്വസിച്ചോണം എന്ന ലൈൻ. ഇതുപോലെ പാലാ ഇലക്ഷനിലും ഒരു ജ്യോതിഷി പ്രവചിച്ചതിനും നേരെ വിപരീതമാണ് ഫലം വന്നത്. ഇതു പോലെ നൂറു കണക്കിന് ഉദാഹരണങ്ങൾ നമ്മുടെ മുൻപിൽ ഉണ്ട്.

ജാതകം ഒക്കെ നോക്കി ജീവിക്കുന്നതിൽ എന്തെങ്കിലും അർത്ഥം ഉണ്ടോ? എന്തെങ്കിലും പഠനങ്ങൾ നടന്നിട്ടുണ്ടോ?

അമേരിക്കൻ ഫിസിക്സ് ഗവേഷകൻ ആയ Dr. Shawn Carlson നടത്തിയ ആസ്ട്രോളജി യുടെ ആധികാരികതയെ ക്കുറിച്ചുള്ള പഠനം Nature എന്ന ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് (Carlson, Shawn (1985). “A double-blind test of astrology” (PDF). Nature. 318 (6045): 419–425).

National Council for Geocosmic Research (NCGR) നിർദ്ദേശിച്ച ഏറ്റവും പ്രഗത്ഭരായ 26 ജ്യോതിഷികളെ ആണ് പഠനത്തിനായി നിയോഗിച്ചത്. നൂറോളം ഗ്രഹനിലകളിൽ (natal charts) നിന്നും California Psychological Inventory (CPI), സ്റ്റോർ ചെയ്തു വച്ചിരിക്കുന്ന വ്യക്തിത്വ പരിശോധനാ ഫലങ്ങളുമായി ചേര്‍ച്ച കണ്ടുപിടിക്കൽ ആയിരുന്നു ടെസ്റ്റ്. സാധാരണ വരാവുന്ന ‘സാദ്ധ്യതകൾ’ ക്ക് അപ്പുറം ഒരു ജ്യോതിഷിക്കു പോലും കൃത്യമായ ചേർച്ച കണ്ടുപിടിക്കാൻ പറ്റി ഇല്ല.

ഒന്നു പോ ചേട്ടാ, അമേരിക്കയിലെ ടെസ്റ്റും കൊണ്ടു വന്നേക്കുന്നു, ഇന്ത്യയിൽ നടന്നത് വല്ലതും ഉണ്ടെങ്കിൽ പറയൂ.

അങ്ങിനെ ചോദിച്ചാൽ അതിനും തെളിവുണ്ട്.

പ്രശസ്‌ത ആസ്ട്രോ ഫിസിസ്റ്റ് ആയ Jayant Vishnu Narlikar ടെ നേതൃത്വത്തിൽ പൂനെ യൂണിവേഴ്‌സിറ്റിയുടെയും, Inter-University Centre for Astronomy and Astrophysics, Pune യുടെയും സഹകരണത്തിൽ നടത്തിയ പഠനത്തിൽ 200 പ്രഗത്ഭരായ ജ്യോതി ശാസ്ത്ര പണ്ഡിതന്മാർ നടത്തിയ കുട്ടികളുടെ ബുദ്ധി ശക്തിയെപ്പറ്റി ഗ്രഹനില നോക്കിയുള്ള പ്രവചനങ്ങളിൽ സാധാരണ വരാവുന്ന ‘സാദ്ധ്യതകൾ’ ക്ക് അപ്പുറം ഒന്നും ശരിയായി കണ്ടില്ല. (An Indian Test Of Indian Astrology, Skeptical Inquirer : Volume 37, No. 2, March / April 2013). തെറ്റിയ പ്രവചങ്ങളുടെ ഒരു ലിസ്റ്റ് തന്നെ ഈ പഠനത്തിൽ കൊടുത്തിട്ടുണ്ട്.

പഠനത്തിന്റെ conclusion ഇങ്ങനെയാണ് “our results are firmly against Indian astrology being considered as a science”. അതായത് ഇന്ത്യൻ ജ്യോതിശാസ്ത്രം എന്നത് ഒരു ശാസ്ത്രമായി കണക്കാക്കാൻ പറ്റില്ല എന്ന്. ജ്യോതിഷത്തിന്റെ പ്രത്യേകത കബളിപ്പിക്കാൻ എളുപ്പമാണ് എന്നുള്ളതാണ്. പ്രവചനങ്ങൾ എല്ലാം തന്നെ ‘വ്യക്ത്യാധിഷ്ഠിതമായതിനാൽ’ ശരി ആയാൽ മാത്രമേ പലരും പുറത്തു പറയുകയുള്ളൂ, തെറ്റിയാൽ മിണ്ടാതെ ഇരിക്കുകയും ചെയ്യും. പ്രശസ്‌ത ഭൗതിക ശാസ്ത്രജ്ഞൻ കാൾ സാഗൻ പറഞ്ഞത്

“How could the rising of Mars at the moment of my birth affect me, then or now? I was born in a closed room. Light from Mars couldn’t get in. The only influence of Mars which could affect me was its gravity. But the gravitational pull of the obstetrician was much larger than the gravitational influence of Mars. Mars is a lot more massive, but the obstetrician was much closer.”

ചുരുക്കത്തിൽ അദ്ദേഹം പറഞ്ഞത്, എങ്ങിനെയാണ് “ചൊവ്വാ ഗൃഹം എന്റെ ജനനത്തെ സ്വാധീനിക്കുന്നത്? ഞാൻ ജനിച്ചത് ഒരു അടച്ച മുറിയിൽ ആണ്. ചൊവ്വയിൽ നിന്നുള്ള വെളിച്ചം ആ മുറിയിൽ എന്തായാലും വരില്ല. എന്തെങ്കിലും സ്വാധീനം ഉണ്ടെങ്കിൽ അത് ഗുരുത്വആകര്ഷണം ആണ്. പക്ഷെ പ്രസവചികിത്സാ ഡോക്ടറുടെ (obstetrician) ഗുരുത്വആകര്ഷണം (gravitational pull) ചൊവ്വയുടെ gravitational സ്വാധീനത്തെക്കാൾ വളരെ കൂടുതൽ ആണ്, കാരണം ചെവ്വ വലിയ ഗ്രഹം ആണെങ്കിലും obstetrician അടുത്തായിരുന്നു.”

ചുരുക്കിപ്പറഞ്ഞാൽ ജ്യോതിഷം എന്നത് ഒരു തട്ടിപ്പാണ്. അതു കൊണ്ട് നക്ഷത്രങ്ങളെയും, ചൊവ്വാ ദോഷത്തെയും പേടിക്കാതെ ഇനി ജീവിക്കാം, നക്ഷത്രം നോക്കാതെ ഇഷ്ടമുള്ളവരെ കല്യാണം കഴിക്കുകയും ആവാം. എഴുതിയത്: സുരേഷ് സി. പിള്ള

https://www.facebook.com/sureshchandra122/posts/10217683984758818