സ്വര്‍ണ്ണ കടത്ത്: മനസാക്ഷിയെ കോടതിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ല: മുഖ്യമന്ത്രി

single-img
29 October 2020

തിരുവനന്തപുരം വിമാന താവളം വഴി നടന്ന സ്വര്‍ണക്കടത്ത് കേസില്‍ സമഗ്ര അന്വേഷണം ആദ്യം ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കള്ളക്കടത്ത് കേവലം നികുതി വെട്ടിപ്പില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല എന്ന അഭിപ്രായം പൊതുമണ്ഡലത്തിലും കേന്ദ്രസര്‍ക്കാരിന് മുന്നിലും ഉയര്‍ത്തിയത് സംസ്ഥാന സര്‍ക്കാരാണ് എന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയം ഉണ്ടായപ്പോള്‍ മുന്‍കാലങ്ങളിലെ പോലെ നിയമത്തിന് അതീതമായി മനസാക്ഷിയെ കോടതിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ ഈ സര്‍ക്കാര്‍ തയാറായില്ല. അത് തന്നെയാണ് അഴിമതിയുടെ സമീപനത്തില്‍ മുന്‍ യുഡിഎഫ് സര്‍ക്കാരും ഇപ്പോഴുള്ള എല്‍ഡിഎഫ് സര്‍ക്കാരും തമ്മിലുള്ള കാതാലായ വിത്യാസമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ക്കുന്ന സ്വര്‍ണ്ണ കടത്ത് പോലെയുള്ള പ്രവര്‍ത്തനത്തിനെതിരെ സമഗ്രവും ഏകോപിതവുമായ അന്വേഷണം ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. അത്തരത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യമായ എല്ലാ സഹായ സഹകരണവും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത് എഴുതുകയും ചെയ്തു.

അഴിമതി, നികുതിവെട്ടിപ്പ്, രാജ്യത്തിന്റെ സാമ്പത്തിക കുറ്റങ്ങള്‍ എന്നിവ എന്തു വിലകൊടുത്തും ചെറുക്കണമെന്ന ശക്തമായ അഭിപ്രായമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും ഇതിനായി നാട്ടില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് അനുസൃതമായി കേസ് എടുക്കുകയും ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ നീതിന്യായ കോടതികള്‍ക്ക് മുന്‍പില്‍ കൊണ്ടുവരണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ അറസ്റ്റിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.