ആരുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടില്ല; സംവരണ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

single-img
29 October 2020

മുന്നാക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയും ലീഗിനെതിരെ വിമര്‍ശനം ഉന്നയിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. സംവരണ വിഷയത്തില്‍ ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും ഇതുവരെ ലഭിച്ച അവകാശങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് അവരെന്നും എന്നാല്‍ ആരുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടില്ലെന്നും അദ്ദേഹം അറിയിച്ചു.

തെറ്റിദ്ധരിപ്പിക്കപ്പെട്ട ചിലര്‍ സംവരണത്തെ എതിര്‍ക്കാന്‍ വന്നിരിക്കുകയാണ്. പാവപ്പെട്ടവര്‍ തങ്ങളുടെ സംവരണാവകാശം പോകുമോ എന്ന ഭയത്തിലാണ് . അത്തരത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടവരോട് പറയാനുള്ളത് ആരുടെയും അവകാശം ഹനിക്കപ്പെടില്ല എന്നാണ്. പക്ഷെ സംവരണത്തിനെതിരെ ഒരു പാര്‍ട്ടി ‘ചന്ദ്രഹാസം ഇളക്കുന്നു’ണ്ടെന്നും അത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ സമൂഹത്തിലെ യാഥാര്‍ത്ഥ്യങ്ങളെ ശരീയായ അര്‍ത്ഥത്തില്‍ പരിഗണിച്ചാണ് എല്ലാ കാലത്തും തീരുമാനം എടുത്തിരിക്കുന്നത്. ഒരു ഘട്ടത്തില്‍ ഈ സംവരണം പ്രധാന വിഷയമായിരുന്നു. നമ്മുടെ രാജ്യത്ത് 50 ശതമാനം വരെയാണ് സംവരണമെന്ന് സുപ്രീംകോടതി തന്നെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ നിലവാരത്തിലേക്ക് ഇപ്പോള്‍ തന്നെ പല സംസ്ഥാനങ്ങളും എത്തിക്കഴിഞ്ഞു.

എന്നാല്‍ സംവരണേതര വിഭാഗത്തിന് 10 ശതമാനം സംവരണം നടപ്പിലാക്കാന്‍ ഭരണഘടനാ ഭേദഗതി വേണമെന്നാണ് ആവശ്യപ്പെട്ടത്. ഇതേ സംവരണം യുഡിഎഫ് പ്രകടനപത്രികയിലും ഉണ്ടായിരുന്നു. ആദ്യമായി ഇത് നടപ്പാക്കാന്‍ അവസരം കിട്ടിയത് ദേവസ്വം രംഗത്താണ്. ഭരണഘടനാഭേദഗതി വന്നതോടെ രാജ്യത്താകെ ഇത്തരമൊരു നയം വന്നിരിക്കയാണ്. അതുകൊണ്ടുതന്നെ നമ്മുടെ സംസ്ഥാനത്തും നടപ്പിലാക്കേണ്ടി വന്നിരിക്കുകയാണ്.

അതേസമയം, എല്ലാ മുസ്ലീംങ്ങള്‍ക്കും സംവരണമുള്ള സംസ്ഥാനം കേരളമല്ലാതെ മറ്റേതാണുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഒരിക്കലും മുന്നാക്ക വിഭാഗം എന്നല്ല സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് എന്നാണ് പറയേണ്ടത്. നമ്മുടെ രാജ്യമാകെയുള്ള മുസ്ലീംകള്‍ കേരളത്തിന് പുറത്ത് സംവരണേതര വിഭാഗമാണ്. ഹിന്ദുക്കളിലും ക്രൈസ്തവരിലും ഒരു മതത്തിലും പെടാത്തവരിലും ഇത്തരത്തിലുള്ളവര്‍ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുള്ളവരായി മാറും. – മുഖ്യമന്ത്രി പറഞ്ഞു.