ലക്ഷ്മീദേവിയെ അപമാനിക്കുന്നതെന്ന പ്രചരണം; അക്ഷയ് കുമാറിന്‍റെ ‘ലക്ഷ്‍മി ബോംബ്’ പേര് മാറ്റി

single-img
29 October 2020

ഹിന്ദു ദേവതയായ ലക്ഷ്മി ദേവിയെ അപമാനിച്ചുവെന്ന പ്രതിഷേധം ഹിന്ദുത്വ സംഘടനയായ കര്‍ണിസേന ഉയര്‍ന്നതിനെത്തുടര്‍ന്ന് അക്ഷയ് കുമാര്‍ നായകനായെത്തുന്ന പുതിയ ചിത്രം ‘ലക്ഷ്‍മി ബോംബ്’ എന്ന് പേര് മാറ്റി അഇത്തവണത്തെ ദീപാവലി റിലീസ് ആയി ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്താനിരിക്കുന്ന ഈ സിനിമക്കെതിരെ ഒന്നരയാഴ്ചയോളമായി ട്വിറ്ററിലൂടെ ബഹിഷ്കരണാഹ്വാനം ഉണ്ടായിരുന്നു.

തീവ്ര ഹിന്ദുത്വ സംഘടനയായ കര്‍ണിസേന സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസും അയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ ചിത്രത്തിന്‍റെ പേര് മാറ്റിയതായുള്ള തീരുമാനം നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഹിന്ദി ചിത്രങ്ങളുടെ പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് ആണ് സിനിമയുടെ പേര് മാറ്റിയ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ഇനി ‘ലക്ഷ്മി ബോംബ്’ എന്നതിനുപകരം ‘ലക്ഷ്മി’ എന്നു മാത്രമായിരിക്കും ചിത്രത്തിന്‍റെ പുതിയ പേര്. ഇതോടൊപ്പം ലക്ഷ്മി എന്ന് ഇംഗ്ലീഷില്‍ എഴുതുമ്പോഴുള്ള സ്പെല്ലിംഗും മാറ്റിയിട്ടുണ്ട്. നേരത്തേ ട്രാന്‍സ് സമൂഹത്തെ തെറ്റായ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്ന മറ്റൊരു ആരോപണവും ഇതിനൊപ്പം ഈ സിനിമക്കെതിരെ ഉയര്‍ന്നിരുന്നു.