വൃധിമാന്‍ സാഹയുടെ പ്രകടനം ഞെട്ടിച്ചു; ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് പോണ്ടിങ്

single-img
28 October 2020

ഐപിഎല്ലില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി നടന്ന മത്സരത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി മികച്ച പ്രകടനം നടത്തി മാന്‍ ഓഫ് ദി മാച്ചായ ഓപ്പണര്‍ വൃധിമാന്‍ സാഹയെ പുകഴ്ത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ് കോച്ച് റിക്കി പോണ്ടിങ് രംഗത്തെത്തി. ഡല്‍ഹിയെ ഹൈദരാബാദ് 88 റണ്‍സിന് പരാജയപ്പെടുത്തിയ കളിയിൽ സാഹ 87 റണ്‍സ് അടിച്ചെടുത്തിരുന്നു.

ആകെ കളിച്ച 45 പന്തില്‍ 12 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഈ സ്‌കോർ.സ്ഥിരം ഓപ്പണർ ആയിരുന്ന ജോണി ബെയര്‍സ്റ്റയ്ക്കു പകരം ഓപ്പണ്‍ ചെയ്യാനെത്തിയ സാഹ ടീമിന്റെ ക്യാപ്റ്റനും ഓപ്പണിങ് പങ്കാളിയുമായ ഡേവിഡ് വാര്‍ണറെപ്പോലും കടത്തിവെട്ടുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഐപിഎല്ലിലെ ഈ സീസണില്‍ സാഹ കളിച്ച രണ്ടാമത്തെ മാത്രം മല്‍സരമായിരുന്നു ഇത് എന്ന പ്രത്യേകതയും ഉണ്ട്.

മികച്ച പ്രകടനം കണ്ട ശേഷമാണ് സാഹയുടെ ഇന്നിങ്‌സിനെ പോണ്ടിങ് പ്രശംസിച്ചത്. ” ശരിക്കും ഒരു സര്‍പ്രൈസ് തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഈ ബാറ്റിങ് പ്രകടനം. സാഹ വളരെ അപകടകാരിയായ താരമാണെന്ന് മുൻപേ അറിയാമായിരുന്നു. പക്ഷെ ഇപ്പോൾ വലിയൊരു ഇടവേളയ്ക്കു ശേഷം ടീമില്‍ തിരിച്ചെത്തി ഇത്രയും മികച്ചൊരു ഇന്നിങ്‌സ് കളിക്കുകയെന്നത് എല്ലാവര്‍ക്കും പറ്റുന്ന ഒന്നല്ല”. മത്സരത്തിൽ ഇരുടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസവും സാഹയുടെ ഇന്നിങ്‌സ് തന്നെയായിരുന്നുവെന്ന് പോണ്ടിങ് വിലയിരുത്തി.