അർമേനിയ-അസർബൈജാൻ സംഘര്‍ഷം; രാജ്യത്തിനായി യുദ്ധഭൂമിയില്‍ ഇറങ്ങുമെന്ന് അർമേനിയൻ പ്രസിഡന്റിന്റെ ഭാര്യ

single-img
28 October 2020

അർമേനിയയുടെയും അസർബൈജാന്‍റെയും അതിർത്തിയിൽ യുദ്ധം നിലനില്‍ക്കവേ അന്ന ഹാക്കോബ്യാൻ എന്ന, അർമേനിയൻ പ്രസിഡന്റിന്റെ 42 -കാരിയായ ഭാര്യ യുദ്ധഭൂമിയില്‍ രാജ്യത്തിനായി പോരാടാന്‍ ഇറങ്ങുമെന്ന് പ്രഖ്യാപിച്ചു. തന്റെ ഫേസ്ബുക്കിലൂടെയാണ് താൻ അടക്കമുള്ള 13 സ്ത്രീകൾ അടങ്ങിയ ഒരു ബാച്ച്, അടിയന്തരമായി യുദ്ധത്തിന് വേണ്ട സൈനിക പരിശീലനം നടത്താൻ പോവുകയാണ് എന്നും, എത്രയും പെട്ടെന്ന് വേണ്ട പരിശീലനം നേടി തന്റെ ഗറില്ലാ സംഘം അതിർത്തി സംരക്ഷിക്കാൻ വേണ്ടി നാഗോർണോ-കാരബാക്ക് പ്രവിശ്യയിലേക്ക് പോകുമെന്നും അവർപറഞ്ഞത്.

“രാജ്യത്തിന്റെ ഒരിഞ്ചു മണ്ണോ, ജനതയുടെ ആത്മാഭിമാനത്തിന്റെ ഒരു കണിക പോലുമോ, അസർബൈജാന്റെ ധാർഷ്ട്യത്തിനു മുന്നിൽ നഷ്ടപ്പെടുത്തുന്ന പ്രശ്നമേ ഉദിക്കുന്നില്ല ” എന്നും അന്ന എഴുതി. രാജ്യത്തിന്റെ അതിർത്തിപ്രദേശമായ നാഗോർണോ-കാരബാക്ക് 1988 മുതൽക്കേ ഒരു യുദ്ധബാധിത പ്രദേശമാണ്.

ഇവിടെതാമസമുള്ള അർമേനിയൻ വംശീയ പാരമ്പര്യമുള്ള നാട്ടുകാരും അസർബൈജാനും തമ്മിലുള്ള കലഹങ്ങൾ യുദ്ധമാകുന്നത് 1988ലായിരുന്നു . ഈ യുദ്ധം 1994 വരെ തുടരുകയും, പിന്നീട് റഷ്യയുടെ മധ്യസ്ഥതയിൽ, ബിഷ്കെക്ക് പ്രോട്ടോക്കോൾ പ്രകാരം വെടിനിർത്തലില്‍ ആവുകയും ചെയ്തു. എന്നാല്‍ 2020 ജൂലൈ 12 തൊട്ട് വീണ്ടും പ്രദേശത്ത് അർമേനിയ – അസർബൈജാൻ പക്ഷങ്ങൾ തമ്മിൽ തർക്കങ്ങൾ തുടങ്ങുകയായിരുന്നു.