സംസ്ഥാനത്തെ ബാറുകൾ തുറക്കുന്ന കാര്യത്തിൽ ധാരണ; ഉടൻ തുറന്നേക്കും

single-img
28 October 2020

ലോക്ഡൗൺ ആംരംഭിച്ചപ്പോള്‍ പൂട്ടിയ ബാറുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നവംബര്‍ ആദ്യവാരം തുറന്നേക്കും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തമാസം അഞ്ചാംതീയതി ഉണ്ടാകും. അതിന് മുന്‍പ് ബാറുകള്‍ തുറക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണു തീരുമാനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നെന്ന് ഉറപ്പുവരുത്താന്‍ എക്സൈസ്, പൊലീസ്, റവന്യൂ വിഭാഗങ്ങള്‍ ബാറുകളില്‍ പരിശോധന നടത്തും.

ലോക്ഡൗൺ ആംരംഭിച്ചപ്പോള്‍ പൂട്ടിയ ബാറുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നവംബര്‍ ആദ്യവാരം തുറക്കാമെന്നാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ ഡിസംബര്‍ അവസാനം മാത്രമേ ബാറുകള്‍ തുറക്കാന്‍ കഴിയുകയുള്ളു.

നിയമസഭാ തിരഞ്ഞെടുപ്പു ഉടൻ ഉണ്ടാകുമെന്നതിനാൽ ഡിസംബര്‍ അവസാനം ബാര്‍ തുറക്കുന്നതു വിവാദത്തില്‍ കലാശിക്കും. ഈ സാഹചര്യം മറികടക്കാൻ ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ തുറക്കുന്നതാണ് നല്ലതെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ബാര്‍ തുറക്കുന്നത് മുന്നില്‍ കണ്ട് കൗണ്ടര്‍ വഴി വില്‍ക്കാനായി വിലകുറഞ്ഞ മദ്യങ്ങള്‍ എടുക്കുന്നത് ബാറുകാര്‍ കുറച്ചു.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്നുള്ള പരിശോധനകള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരുമേശയ്ക്ക് ഇരുവശവും അകലം പാലിച്ച് രണ്ടുപേരെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂ. ഭക്ഷണം പങ്കുവച്ച് കഴിക്കാന്‍ അനുവദിക്കില്ല. വെയ്റ്റര്‍മാര്‍ മാസ്കും കയ്യുറയും ധരിക്കണം. ഇതര സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നപ്പോള്‍ തന്നെ സംസ്ഥാനത്തും തുറക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു.

തനിക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു എക്സൈസ് മന്ത്രിയുടെ നിലപാട്. ബാറുടമകള്‍ പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചതിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്തു. സെക്രട്ടേറിയറ്റില്‍ അനുകൂല നിലപാടുണ്ടായെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായിവരുന്ന ഘട്ടമായതിനാല്‍ സാവകാശം മതി ബാര്‍ തുറക്കലെന്നു തീരുമാനിക്കുകയായിരുന്നു. പിന്നാലെ കോവിഡ് രൂക്ഷമായേക്കുമെന്ന ആരോഗ്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടും വന്നതോടെയാണ് സര്‍ക്കാര്‍ അന്ന് ബാര്‍ തുറക്കല്‍ മാറ്റിവച്ചത്.