സ്വർണക്കടത്തു കേസിൽ അറ്റാഷെ; നയതന്ത്ര ബാഗേജ് തുറന്ന് സ്വർണക്കടത്ത് പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ പുറത്താക്കാൻ നീക്കം നടത്തി; ബാഗേജ് തിരികെ യു.എ.ഇ.യിൽ എത്തിക്കാൻ ഉന്നതസ്വാധീനമുള്ള മലയാളിയെ ചുമതലപ്പെടുകയും ചെയ്തു; കസ്റ്റംസ് റിപ്പോർട്ട്

single-img
28 October 2020

തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് തുറക്കാൻ നേതൃത്വം നൽകുകയും സ്സ്വർണക്കടത്ത് പിടികൂടും ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥനെ പുറത്താക്കാൻ യു.എ.ഇ. കോൺസുലേറ്റിലെ അഡ്മിൻ അറ്റാഷെ നീക്കം നടത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് തുറക്കാൻ നേതൃത്വം നൽകിയ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ രാമമൂർത്തിയെ ‘പാഠം പഠിപ്പിക്കാനും’ ജോലിയിൽനിന്ന്‌ പുറത്താക്കാനുമാണ് ഉന്നതകേന്ദ്രങ്ങളെ സ്വാധീനിക്കാൻ ശ്രമം നടന്നത്. ബാഗേജ് തുറക്കുംമുമ്പേ യു.എ.ഇ.യിലേക്ക് തിരികെ എത്തിക്കാൻ ഉന്നതസ്വാധീനമുള്ള മലയാളിയെയും ചുമതലപ്പെടുത്തി. കേന്ദ്ര ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയ്ക്ക് കസ്റ്റംസ് നൽകിയ റിപ്പോർട്ടിലാണ് ഇതുള്ളത്.

യു.എ.ഇ. കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി ഏപ്രിൽ 21-ന് ദുബായിലേക്ക് മടങ്ങിയിരുന്നു. ഇതിനുശേഷം കോൺസുലേറ്റിന്റെ ചുമതല അഡ്മിൻ അറ്റാഷെയായ റാഷിദ് ഖാമിസ് അലി മുസൈക്രി അൽ അഷ്മിയക്കായിരുന്നു. ഇയാൾ പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാർഗങ്ങൾ സ്വപ്നാ സുരേഷിനോട് ആരാഞ്ഞിരുന്നു. നയതന്ത്രബാഗേജിന്റെ മറവിൽ സ്വർണം കടത്താനുള്ള തന്ത്രം റാഷിദിനോട് പങ്കുവെച്ചത് അപ്പോഴാണ്. ഒരുതവണ കടത്തുന്നതിന് തനിക്ക് 1500 യു.എസ്. ഡോളർ (1.10 ലക്ഷം രൂപ) കമ്മിഷൻ വേണമെന്ന് റാഷിദ് ആവശ്യപ്പെട്ടു. സ്വപ്‌നയും സരിത്തും ഇത് അംഗീകരിച്ചു. അതുവരെ വ്യാജ ഒപ്പ് ഇട്ടാണ് കോൺസുലേറ്റിന്റെ അംഗീകാരപത്രം സരിത്ത് കസ്റ്റംസിൽ നൽകിയിരുന്നത്. കമ്മിഷൻ ഉറപ്പിച്ചശേഷം ഈ കത്തിൽ അറ്റാഷെ തന്നെ ഒപ്പുവെച്ചുനൽകാൻ തുടങ്ങി. സ്വപ്‌നാ സുരേഷ് നേരിട്ടും ഡ്രൈവർ മുഖേനയുമാണ് ഓരോ തവണയും അറ്റാഷെയ്ക്കുള്ള കമ്മിഷൻ എത്തിച്ചിരുന്നത്.

ജൂൺ 30-ന് എത്തിയ നയതന്ത്രബാഗേജ് കസ്റ്റംസിന് തടഞ്ഞുവെച്ചു. ജൂലായ് രണ്ടിന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ രാമമൂർത്തി, ഈ ബാഗേജ് തുറന്ന് പരിശോധിക്കണമെന്നും ഇതിന് അറ്റാഷെ റാഷിദിന്റെ സാന്നിധ്യം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി കത്തുനൽകി. ഇതിൽ ക്ഷുഭിതനായ റാഷിദ് സ്വപ്നാ സുരേഷിനെ വിളിച്ചുവരുത്തി. യു.എ.ഇ. അംബാസഡറുടെ അനുമതിയില്ലാതെ നയതന്ത്ര ബാഗേജ് തുറക്കാൻ കസ്റ്റംസിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി. ഇക്കാര്യം അധികൃതരെ അറിയിക്കാൻ ആവശ്യപ്പെട്ടു. റാഷിദ് നേരിട്ട് യു.എ.ഇ. എംബസിയിലേക്ക് വിളിക്കുകയും ബാഗേജ് പരിശോധിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അസിസ്റ്റന്റ് കമ്മിഷണർ രാമമൂർത്തിയെ കസ്റ്റംസിൽനിന്ന് പുറത്താക്കാൻ ഉന്നതങ്ങളിൽ സ്വാധീനം ചെലുത്താൻ അറ്റാഷെ സ്വപ്‌നയോട് ആവശ്യപ്പെട്ടു. സരിത്ത് രാമമൂർത്തിയെ വിളിക്കുകയും നയതന്ത്രബാഗേജ് തടഞ്ഞുവെച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ബാഗേജ് തിരിച്ചയക്കാൻ നിർദേശിച്ച് കോൺസുലേറ്റിൽനിന്നും അറ്റാഷെ രാമമൂർത്തിക്ക് കത്തുനൽകി. ജൂലായ് അഞ്ചിന് നയതന്ത്രബാഗേജ് തിരികെ ദുബായിലേക്ക് എത്തുമെന്ന് അംബാസഡർ ഉറപ്പുനൽകിയതായി അറ്റാഷെ റാഷിദ് സ്വപ്‌നയോട് വെളിപ്പെടുത്തി. ‘ഉന്നതസ്വാധീനമുള്ള മലയാളിയെ’ ഇതിനായി അംബാസഡർ ചുമതലപ്പെടുത്തിയതായി റാഷിദ് പറഞ്ഞെന്ന് സ്വപ്‌ന അന്വേഷണ ഏജൻസികൾക്ക് മൊഴി നൽകിയിട്ടുണ്ട്. എല്ലാരീതിയിലും ഇടപെടാൻ സാധിക്കുന്നയാളാണിതെന്നും കസ്റ്റംസിന്റെ റിപ്പോർട്ടിലുണ്ട്. കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിയും ബാഗേജ് തുറക്കാതെ തിരികെ അയക്കാൻ വേണ്ടത് ചെയ്തിട്ടുണ്ടെന്ന് സ്വപ്നയെ വിളിച്ചറിയിച്ചിരുന്നു.