വായിലെ ക്യാന്‍സര്‍ എളുപ്പത്തിൽ കണ്ടെത്താൻ ഉപകരണവുമായി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ്

single-img
28 October 2020

കൃത്യമായി വായിലെ ക്യാന്‍സര്‍ കണ്ടെത്താന്‍ ഉപകരണം വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ്. കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന്‍റെ നിധി പദ്ധതിയുടെ സാമ്പത്തിക പിന്തുണയോടെയാണ് ഓറൽ സ്കാൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 6 ആശുപത്രികളില്‍ പരീക്ഷണം നടത്തി ഓറല്‍സ്‌കാനിന്‍റെ കാര്യക്ഷമത ഉറപ്പാക്കിയിട്ടുണ്ട്.

വായില്‍ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് രാജ്യം നേരിടുന്ന വലിയൊരു വെല്ലുവിളിയാണെന്ന് സാസ്‌കാന്‍ സിഇഒ ഡോ. സുഭാഷ് നാരായണന്‍ പറഞ്ഞു. ഇന്ത്യയില്‍ പ്രതിവര്‍ഷം 80,000 പേര്‍ക്ക് പുതുതായി രോഗം ബാധിക്കുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രോഗം കണ്ടുപിടിക്കാന്‍ വൈകുന്നതിനാല്‍ വായിലെ കാന്‍സര്‍ രോഗികളില്‍ മരണനിരക്ക് കൂടുതലാണ്.ഇപ്പോൾ പിന്തുടരുന്നത് വായിൽ ടോര്‍ച്ച് ലൈറ്റ് ഉപയോഗിച്ച് പരിശോധന നടത്തുന്ന രീതിയാണ്. ഇത് ശരിയായ പരിശോധനാ രീതിയല്ലെന്ന് പല പഠനങ്ങളും വ്യക്തമായിട്ടുണ്ട്. ബയോപ്‌സിക്ക് സാമ്പിള്‍ ശേഖരിക്കുന്നതിന് അനുയോജ്യമായ സ്ഥാനം കണ്ടെത്താന്‍ പരിചയസമ്പന്നരായ ഡോക്ടര്‍മാര്‍ ഇപ്പോ‍ഴു ബുദ്ധിമുട്ടുന്നുണ്ട്.

ഇവിടെയാണ് കൈയില്‍വച്ച് ഉപയോഗിക്കാവുന്ന ഓറല്‍സ്‌കാന്‍ പ്രസക്തമാകുന്നത്. പ്രാരംഭ ഘട്ടത്തിൽ രോഗസാധ്യത കൃത്യമായി മനസ്സിലാക്കാനും ബയോപ്‌സിക്ക് സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള അനുയോജ്യമായ സ്ഥാനം കണ്ടെത്താനും ഈ മിഷ്യൻ ഡോക്ടര്‍മാരെ സഹായിക്കും. ഈ ഉപകരണം പ്രത്യേകം സോഫ്റ്റ്‌വെയറിന്റെ സഹായത്തോടയാണ് രോഗ നിർണയം നടത്തുന്നത്.

ഓറല്‍സ്‌കാനിന്‍റെ വിപണിവില 5.9 ലക്ഷം രൂപയാണ്. ഒറ്റത്തവണ നിക്ഷേപത്തിലൂടെ ആശുപത്രികള്‍ക്കും ലബോറട്ടറികള്‍ക്കും ഇത് പ്രയോജനപ്പെടുത്താം. ദന്തചികിത്സ, ഓറല്‍ മെഡിസിന്‍, ഓറല്‍ മാക്‌സിലോഫേഷ്യല്‍ പത്തോളജി-സര്‍ജറി എന്നിവയ്ക്ക് ഉപകരണം ഏറെ പ്രയോജനപ്പെടുമെന്ന് ടൈമെഡ് സിഇഒ-യും ശ്രീചിത്രയിലെ എന്‍ജിനീയറുമായ ശ്രീ. ബല്‍റാം പറഞ്ഞു.

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജിയിലെ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്ററായ ടൈമെഡില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനി, സാസ്‌കാന്‍ മെഡിടെക്ക് പ്രൈവറ്റ് ലിമിറ്റഡാണ് ഒാറൽ സ്കാൻ വികസിപ്പിച്ചെടുത്തത്.ഓറല്‍സ്‌കാനിന് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റും സിഇ സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയ്ക്ക് ഇന്ത്യന്‍ പേറ്റന്റും കമ്പനിക്ക് ലഭിച്ചു. അമേരിക്കന്‍ പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.