ശിവശങ്കർ രോഗലക്ഷണം മാത്രം യഥാർത്ഥ രോഗം മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവ്

single-img
28 October 2020

ശിവശങ്കർ രോഗലക്ഷണം മാത്രമാണെന്നും യഥാർത്ഥ രോഗം മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല. എല്ലാ തട്ടിപ്പുകളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസ് എന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തതിന് തുടർന്നായിരുന്നു ചെന്നിത്തലയുടെ പരാമർശം.

മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ ഇനി അർഹത ഇല്ലെന്നും അഴിമതിക്കാരൻ മുഖ്യമന്ത്രിയാണെന്ന് തെളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു. നാണം കെടാതെ ഇനി എങ്കിലും മുഖ്യമന്ത്രി രാജിവയ്ക്കണം. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

സ്വർണക്കടത്ത് പ്രതികളെ സംരക്ഷിക്കാൻ ആദ്യം മുതൽ ഇടപെട്ടത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. അഴിമതികൾ ഓരോന്നും അരങ്ങേറിയത് മുഖ്യമന്ത്രിയുടെ ഓഫിസിലാണ്. പ്രതിപക്ഷ ആരോപണങ്ങൾ സത്യമെന്നും വസ്തുതയെന്നും തെളിഞ്ഞു. ജനാധിപത്യ കേരളത്തിൽ ഇതുപോലെ അപമാനിതനായ മുഖ്യമന്ത്രി വേറെ ഇല്ലെന്നും ഇനിയും അപമാനിതനകാതെ രാജിവയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞു.

എല്ലാ ഒത്താശയും ചെയ്ത് നൽകിയത് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്നാൽ മുഖ്യമന്ത്രി തന്നെയാണ്. സ്പ്രിങ്ക്‌ളർ ഉൾപ്പെടെ എല്ലാ അഴിമതികളിലും മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ചാണ് ശിവശങ്കർ പ്രവർത്തിച്ചതെന്നും ചെന്നിത്തല തുറന്നടിച്ചു.