അന്വേഷണത്തിന്‍റെ പേരിൽ തന്നെ പീഡിപ്പിക്കുകയാണെന്ന് ശിവശങ്കർ, പദവി ദുരുപയോഗം ചെയ്തെന്നും; ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും; കേന്ദ്ര ഏജൻസികൾ; ശിവ ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്

single-img
28 October 2020

സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. എൻഫോഴ്മെന്റും, കസ്റ്റംസും റജിസ്റ്റർ ചെയ്‌ത കേസുകളിൽ ആണ് മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നതിനെ കേന്ദ്ര ഏജൻസികൾ ശക്തമായി എതിർത്തിട്ടുണ്ട്.

സ്വർണ്ണക്കള്ളക്കടത്തിന്‍റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമാണ് എൻഫോഴ്സ്മെന്‍റ് വാദം. മുൻകൂർ ജാമ്യ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറയിച്ചിട്ടുണ്ട്. സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുൻ‌കൂർ ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര ഏജൻസികൾ വാദിക്കുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്നും ഇഡി കോടതിയിൽ അറിയിച്ചിട്ടുണ്ട്.

എന്നാൽ അന്വേഷണത്തിന്‍റെ പേരിൽ തന്നെ പീഡിപ്പിക്കുക ആണെന്നാണ് ശിവശങ്കറിന്റെ വാദം. കള്ളപ്പണ, കള്ളക്കടത്ത് ഇടപാടിൽ പങ്കില്ലെന്നും തന്നെ ജയിലിലടക്കാൻ ആണ് കേന്ദ്ര ഏജൻസികളുടെ ശ്രമമെന്നുമാണ് ശിവശങ്കർ കോടതിയെ അറിയിച്ചു. ശിവശങ്കറിന് എതിരായ തെളിവുകൾ മുദ്ര വച്ച കവറിൽ ഇഡി കോടതിക്ക് കൈമാറിയിരുന്നു. ഇത് കൂടി പരിശോധിച്ച ശേഷമാണ് കോടതി ഇന്ന് വിധി പറയുന്നത്.