വന്യമൃഗങ്ങളെയും പക്ഷികളെയും വേട്ടയാടാം; താത്കാലികാനുമതി നൽകി സൗദി

single-img
28 October 2020

കർശന നിയന്ത്രണങ്ങളോടെ സൗദിയിൽ വന്യമൃഗങ്ങളെയും പക്ഷികളെയും വേട്ടയാടാൻ അധികൃതർ താത്കാലിക അനുമതി നൽകി. അടുത്തമാസം ഒന്നാം മുതൽ അടുത്ത വർഷം ജനുവരി 14 വരെയാണ് നിശ്ചയിക്കപ്പെട്ട പരിധിക്കുള്ളിൽ മാത്രം വേട്ടയാടൽ നടത്താൻ സൗദിയിലെ പരിസ്ഥിതി ജലം കാർഷിക മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ വന്യജീവിത വികസന കേന്ദ്രം അനുമതി നൽകിയിട്ടുള്ളത്. പ്രത്യേകം പറഞ്ഞിട്ടുള്ള ചില മൃഗങ്ങളെയും വേട്ടയാടലിന് നിലവിൽ നിരോധമുള്ള പ്രദേശങ്ങളിലെ പരിമിതമായ സ്ഥലങ്ങളിലും മാത്രം താൽക്കാലിക അനുമതി നൽകി തിങ്കളാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.

അതേസമയം വന്യജീവികളെ സംരക്ഷിക്കുന്ന ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി വേണം വേട്ടയാടൽ നടത്താൻ. നിയമ പ്രകാരം സംരക്ഷിത മൃഗങ്ങളിൽ ഉൾപ്പെടാത്ത ജീവികളെ മാത്രമേ വേട്ടയാടാൻ അനുമതിയുള്ളൂ. ഇത് പ്രകാരം കൊമ്പുള്ള അറേബ്യൻ മാൻ (ഓറിക്സ്), പുള്ളിമാന്‍, കാട്ടാട്, അറേബ്യൻ കടുവ, കാട്ടുപൂച്ച, ചെന്നായ, കാട്ടുനായ് തുടങ്ങിയ മൃഗങ്ങളെയും വംശനാശ ഭീഷണിയിലുള്ള മറ്റ് ജീവികളെയും പക്ഷികളെയും വേട്ടയാടാൻ സാധിക്കില്ല.

നിയമ പ്രകാരം ലൈസൻസുള്ള എയർ ഗൺ ഉപയോഗിച്ച് മാത്രമേ വേട്ടായാടാൻ പാടുള്ളൂ. വേട്ടയിൽ ഒരു തവണ ഒന്നിലേറെ മൃഗങ്ങളെയോ പക്ഷികളേയൊ പിടികൂടാനോ വീഴ്‍ത്താനോ പാടില്ല. എയർ ഗൺ അല്ലാതെ മറ്റ് ആയുധങ്ങളൊന്നും വേട്ടയാടലിന് ഉപയോഗിക്കാൻ പാടില്ല. ഒരുസമയം കൂടുതൽ ചുറ്റ് വെടിയുതിർക്കുന്ന തോക്കിന് അനുമതിയില്ല. അതേപോലെ വലയിട്ടോ വാതകം പ്രസരിപ്പിച്ചോ ജീവികളെ മയക്കി പിടികൂടാനും പാടില്ല.

ജനവാസമുള്ള നഗരപരിധിക്കുള്ളിലും ചെറുപട്ടണങ്ങളുടെയും ഗ്രാമങ്ങളുടെയും ജനവാസ മേഖലകൾക്കുള്ളിലും കൃഷിപാടങ്ങളിലും വിശ്രമഗേഹങ്ങളിലും സൈനിക കേന്ദ്രങ്ങളിലും വ്യവസായ മേഖലയിലും വേട്ടയാടലിന് അനുമതിയില്ല. യാതൊരു വിധ മൃഗങ്ങളെയും പക്ഷികളെയും ഈ ഭാഗങ്ങളിൽ വെച്ച് വേട്ടയാടാൻ പാടില്ല. നിയമങ്ങളും നിബന്ധകളും ലംഘിക്കുന്നവർ കടുത്ത ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എൺവയൺമെൻറൽ സെക്യൂരിറ്റി സ്പെഷ്യൽ ഫോഴ്സ് നിയമലംഘകരെ പിടികൂടുമെന്നും ഉത്തരവിൽ അറിയിച്ചു.