മറ്റ് സംസ്ഥാനങ്ങളിലെ ഇന്ത്യക്കാര്‍ ജമ്മു കാശ്മീരില്‍ സ്ഥിരതാമസം ആക്കിയാല്‍ പീഡനങ്ങള്‍ വര്‍ദ്ധിക്കും: വിവാദ പ്രസ്താവനയുമായി പിഡിപി നേതാവ്

single-img
28 October 2020

ജമ്മു കാശ്മീരില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്കും ഭൂമി വാങ്ങുന്നതിനുള്ള നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി പിഡിപി നേതാവ് സുരിന്ദര്‍ ചൗധരി. മറ്റ് സംസ്ഥാനങ്ങളിലെ ഇന്ത്യക്കാര്‍ ജമ്മു കാശ്മീരില്‍ സ്ഥിരതാമസമാക്കിയാല്‍ പീഡനങ്ങള്‍ വര്‍ദ്ധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

” സമ്പന്നമായ ദോഗ്ര സംസ്‌കാരവും, പാരമ്പര്യവും കൊണ്ട് സമൃദ്ധമാണ് ഈ ജമ്മു കാശ്മീര്‍. രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തവരാണ് കാശ്മീര്‍ ജനത. എന്നാല്‍ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ ഇവിടെ സ്ഥിരതാമസം ആക്കിയാല്‍ പീഡനങ്ങള്‍ വര്‍ദ്ധിക്കും ” -ചൗധരി പറഞ്ഞു.

സംസ്ഥാനത്തിന്‍റെ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ അടുത്ത സഹായിയാണ് സുരിന്ദര്‍ ചൗധരി.കഴിഞ്ഞ ദിവസമായിരുന്നു എല്ലാ ഇന്ത്യക്കാര്‍ക്കും ജമ്മു കാശ്മീരില്‍ ഭൂമി വാങ്ങാന്‍ അനുവദിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ എതിര്‍പ്പുമായി പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി എന്നിവര്‍ രംഗത്ത് എത്തിയിരുന്നു.