ഒരേ പേരില്‍ രണ്ട് സിനിമ: ‘ഒറ്റക്കൊമ്പന്‍’ പ്രഖ്യാപിച്ച പിന്നാലെ പേര് മാറ്റി

single-img
28 October 2020

ഒരേ പേരില്‍ രണ്ട് സിനിമകള്‍ വന്നതിനാല്‍ മഹേഷ്‌ പാറയില്‍ സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പന്‍’ എന്ന സിനിമയുടെ പേര് മാറ്റുന്നു. നവാഗതനായ മഹേഷ് പാറയില്‍ സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രം പ്രഖ്യാപിക്കുന്നത് സെപ്റ്റംബർ 13 നാണ്. പിന്നാലെ പ്രഖ്യാപിച്ച സിനിമയാണ് സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ.

ചിത്രത്തിന്റെ ടൈറ്റില്‍ ആദ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അതിന്റെ അവകാശം ലഭിക്കുകയുള്ളു. അതോടുകൂടി പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കാതെ പേര് മാറ്റുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ മഹേഷും കൂട്ടരും.

“ഞങ്ങളുടെ സിനിമയുടെ ടൈറ്റില്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നിലവില്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതിനാലും മറ്റ് വിവാദങ്ങളിലേക്ക് പോവാന്‍ താല്‍പര്യം ഇല്ലാത്തതിനാലും സിനിമയുടെ പുതിയ ടൈറ്റില്‍ വിത്ത് ലീഡ് ക്യാരക്ടര്‍ പോസ്റ്റര്‍ ഉടന്‍ റിലീസ് ചെയ്യുന്നതായിരിക്കും. ഇടഞ്ഞ് നില്‍ക്കുന്ന ആ ഒറ്റ കൊമ്പുള്ള ഏകഛത്രാധിപതി നിങ്ങളെ നിരാശപ്പെടുത്തില്ല- എന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം ശ്രദ്ധേയമായ ഹൃസ്വ ചിത്രങ്ങളിലൂടെയും വെബ് സീരിസുകളിലൂടെയും ശ്രദ്ധേയനായ മഹേഷ് പാറയില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സുരേഷ് ഗോപിയെ നായകനാക്കി മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. ഷിബിന്‍ തോമസാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.