കെഎം ഷാജി വീട് പൊളിക്കേണ്ട, പകരം പിഴയൊടുക്കിയാല്‍ മതിയെന്ന് കോഴിക്കോട് കോര്‍പറേഷന്‍

single-img
28 October 2020

അനുമതി വാങ്ങാതെ അനധികൃത നിര്‍മാണം നടത്തിയ കെ എം ഷാജി എംഎല്‍എയുടെ മാലൂർകുന്നിലെ വീട് പൊളിക്കേണ്ടതില്ലെന്നും പകരം പിഴയൊടുക്കിയാല്‍ മതിയെന്നും കോഴിക്കോട് കോര്‍പറേഷന്‍ . ഇത് പ്രകാരം പുതുക്കിയ പ്ലാന്‍ എംഎല്‍എ അംഗീകാരത്തിനായി കോര്‍പറേഷന് സമര്‍പ്പിക്കുകയും ചെയ്തു. നേരത്തേ മൂവായിരം സ്ക്വയര്‍ഫീറ്റിനായി നല്‍കിയ നിര്‍മ്മാണ അനുമതിയില്‍ 5600 സ്ക്വയര്‍ഫീറ്റ് വീട് നിര്‍മ്മിച്ചെന്നായിരുന്നു കോഴിക്കോട് കോര്‍പറേഷന്‍റെ കണ്ടെത്തല്‍.

ഈ പശ്ചാത്തലത്തില്‍ വീട് പൊളിച്ചുനീക്കാന്‍ ഒരാഴ്ച്ച മുൻപ് നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. പക്ഷെ എംഎല്‍എയുടെ വിശദീകരണം പരിശോധിച്ച കോര്‍പറേഷന്‍ വീട് പൊളിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. 37 സെന്റ്‌ സ്ഥലത്ത് നിര്‍മിച്ച വീടിന് നിലവില്‍ ഒന്നരലക്ഷം രൂപ പിഴ അടയ്ക്കേണ്ടി വരും.

ഇതില്‍ 1,38,590 രൂപ പിഴയടക്കമുള്ള നികുതി ഇനത്തിലും അനധികൃത നിര്‍മാണത്തിനുള്ള പിഴയായി 15500 രൂപയുമാണ്. ഈതുക താന്‍ അടയ്ക്കാം എന്ന് കാട്ടി കെ എം ഷാജി എംഎല്‍എ പുതുക്കിയ പ്ലാന്‍ അംഗീകാരത്തിനായി കോര്‍ റേഷന് നല്‍കി.എംഎല്‍എയുടെ ഭാര്യ കെ എച്ച്.ആശയുടെ പേരിലുള്ള ഈ വീടിന് ഒരു കോടി അറുപതു ലക്ഷം രൂപ മൂല്യമാണ് കണക്കാക്കിയിട്ടുള്ളത്.