ആരോഗ്യ സേതു ആപ്പ് നിർമ്മിച്ചത് ആരെന്നറിയില്ലെന്ന് കേന്ദ്രസർക്കാർ; നോട്ടീസയച്ച് വിവരാവകാശ കമ്മീഷന്‍

single-img
28 October 2020

കേന്ദ്രസര്‍ക്കാരിനായി ആരാണ് ആരോഗ്യ സേതു ആപ്പ് നിർമ്മിച്ചത് ആരെന്നോ അത് എങ്ങനെ നിർമ്മിച്ചുവെന്നും ഒരു വിവരവുമില്ലെന്ന് സർക്കാർ വെബ്‌സൈറ്റുകൾ രൂപകൽപ്പന ചെയ്യുന്ന നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ (എൻ‌ഐ‌സി) അറിയിച്ചു. ഈ മറുപടിയെ തുടർന്ന് ആരോഗ്യസേതു ആപ്പിനേക്കുറിച്ചുള്ള വിവരാവകാശ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാത്തതിന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ കേന്ദ്ര സർക്കാരിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

ആരോഗ്യ സേതു ആപ്പുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകണമെന്നും മറുപടി ഒഴിവാക്കാനാവില്ലെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നോട്ടീസില്‍ പറഞ്ഞു. ഇപ്പോഴത്തെ ലോക്ക് ഡൗൺ സമയത്ത് ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാർ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷൻ നിർമ്മിച്ചതിനെക്കുറിച്ച് അറിയാൻ എൻ‌ഐ‌സി, നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ (എൻ‌ജിഡി), ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എന്നിവയെ സമീപിച്ചതായി സാമൂഹ്യപ്രവര്‍ത്തകനായ സൗരവ് ദാസ് എന്നയാളാണ് പരാതി നൽകിയത്.

പരാതിയെ തുടര്‍ന്ന് ദേശീയ ഇൻഫോർമാറ്റിക്‌സ് സെന്ററിന്റെ പേര് വെബ്സൈറ്റിൽ ഉണ്ടെങ്കിൽ ആപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ഇല്ലത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാൻ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവുമില്ലെങ്കിൽ പിന്നെ എങ്ങനെയാണ് Https://aarogyasetu.gov.in/ എന്ന വെബ്‌സൈറ്റ് gov.in എന്ന ഡൊമെയ്ൻ നാമം ഉപയോഗിച്ച് നിർമ്മിച്ചതെന്ന് രേഖാമൂലം മറുപടി നല്‍കാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷൻ ചീഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കും (സിപിഐഒ), എൻ.ഐ.സിക്കും നിർദ്ദേശം നൽകി.