ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതി; എട്ട് ഹെക്ടർ മഴക്കാടുകളിലെ മരംമുറി ഉടൻ; മലയിടിച്ചിലും ഉരുള്‍പൊട്ടലും പതിവായ മേഖലയാണ്; കടുത്ത പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ

single-img
28 October 2020

നിര്‍ദ്ദിഷ്ട ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി ഷോളയാര്‍ മഴക്കാടുകളില്‍ മരംമുറി ഉടൻ തുടങ്ങും. ഇതിൻറെ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. തിരുവനന്തപുരം ആസ്ഥാനമായ ഒരു കമ്പനിയാണ് മരം മുറിക്കാൻ കരാർ എടുത്തിരിക്കുന്നത്. ഇവർ കഴിഞ്ഞ ദിവസം ആദിവാസിമേഖലയിലെ യൂണിയൻ നേതാക്കളുമായി ചർച്ചകൾ നടത്തി മരം മുറിക്കാനുള്ള കരാർ ഒപ്പിട്ടു. വാച്ച്മരം കോളനിയിലെ യൂണിയൻ നേതാക്കളുമായാണ് കരാർ ഒപ്പിട്ടത്.

എന്നാല്‍ ഗുരുതുര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ പരിസ്ഥിതി സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.പദ്ധതിക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ഇവരുടെ തീരുമാനം. പറമ്പിക്കുളം കടുവസംരക്ഷണകേന്ദ്രത്തിന്റെ സംരക്ഷിതമേഖലയായ, കേരളത്തിലെ ഏറ്റവും വലിയ നിത്യഹരിത മഴക്കാടുകളിൽ ഒന്നായ ഷോളയാർ മഴക്കാടുകളിലെ എട്ട് ഹെക്ടർ വനമാണ് വനംവകുപ്പ് പദ്ധതിക്കായി വിട്ടുനൽകിയത്. 

കേരള ഷോളയാറില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറത്തു വിടുന്ന വെള്ളം വീണ്ടും ഒരു ടണലിലൂടെ കടത്തിവിട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതി ലക്ഷ്യമിടുന്നത്.പ്രതിവര്‍ഷം 22.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നാണ് കെഎസ്ഇബിയുടെ അവകാശവാദം.

മലയിടിച്ചിലും ഉരുൾപൊട്ടലും പതിവായ മേഖലയിലാണ് തുരങ്കമുണ്ടാക്കാൻ പദ്ധതിയിടുന്നത്. 2018-ലെ വലിയ ഉരുൾപൊട്ടലിനെത്തുടർന്ന് ഈ മേഖലയെ ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലയായാണ് അടയാളപ്പെടുത്തിയിരുന്നത്. ഉരുൾപൊട്ടൽഭീഷണി മൂലം ഈ മേഖലയിൽനിന്ന് ആനക്കയം ആദിവാസി കോളനി ഒഴിപ്പിച്ച് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ആദിവാസി ഊരുകൂട്ടങ്ങളുടെ അനുമതിയോടെ മാത്രമേ ഈ മേഖലയിൽ ഇത്തരം പദ്ധതികൾ നടപ്പാക്കാനാകൂ. എന്നാൽ, ഒരു അനുമതിയും ഇല്ലാതെയാണ് ആനക്കയം പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്.

150 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അണക്കെട്ട് വേണ്ട എന്നതാണ് പദ്ധതിയുടെ പ്രത്യേകത. കേരളത്തിലെ ഏറ്റവും വലിയ നിത്യഹരിത മഴക്കാടുകളില്‍ ഒന്നായ ഷോളയാര്‍ മഴക്കാടുകളിലെ എട്ട് ഹെക്ടര്‍ വനമാണ് വനം വകുപ്പ് പദ്ധതിക്കായി വിട്ടു നല്കിയിരിക്കുന്നത്.ഇവിടെയുളള 1897 മരങ്ങളും അതിലധികം ചെറുമരങ്ങളും പദ്ധതിക്കായി മുറിച്ചു മാറ്റും.

എന്നാല്‍ മലയിടിച്ചിലും ഉരുള്‍പൊട്ടലും പതിവായ മേഖലയാണ് ഇതിനായി കെഎസ്ഇബി തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെ ആരോപണം. മരമുറിക്കുന്നതിനു മുന്നോടിയായി കടുത്ത പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകാനാണ് പരിസ്ഥിതിപ്രവര്‍ത്തരുടെ തീരുമാനം. ചാലക്കുടിപ്പുഴ സംരക്ഷണസമിതി, റിവർ പ്രൊട്ടക്ഷൻ ഫോറം തുടങ്ങി വിവിധ സംഘടനകൾ പ്രതിഷേധപരിപാടികൾക്കൊരുങ്ങുകയാണ്. പാരിസ്ഥിതികമായും സാമ്പത്തികമായും വലിയ നഷ്ടമുണ്ടാക്കുന്ന ആനക്കയം പദ്ധതിക്കെതിരേ നിയമനടപടികളും പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ചാലക്കുടിപ്പുഴ സംരക്ഷണസമിതി സെക്രട്ടറി എസ്.പി. രവി പറഞ്ഞു.