ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്; ഒരിക്കലും എഴുതരുതെന്ന് ഞങ്ങൾ പ്രതീക്ഷിച്ച പോസ്റ്റാണിത്; ബുക്സ്റ്റോർ തകർച്ചയിലെന്ന് ഉടമയുടെ ട്വീറ്റ്; രണ്ട് ദിവസത്തെ കച്ചവടം 1.70 ലക്ഷം ഡോളർ

single-img
27 October 2020

ഒത്തിരി സാമ്പത്തിക മാന്ദ്യങ്ങളും ഇ- ബുക്കുകളെയും ഓൺലൈൻ ഭീമൻമാരുടെ ഭീഷണിയെയും അതിജീവിച്ച ന്യൂയോർക്കിലെ ചരിത്രപ്രസിദ്ധമായ സ്​ട്രാൻഡ്​ ബുക്​സ്​റ്റോർ തകരുകയാണെന്ന്​ അതി​ൻ്റെ ഉടമ നാൻസി ബാസ്​ വെയ്​ഡൻ ട്വീറ്റ്​ ചെയ്​തത്​ കഴിഞ്ഞ വെള്ളിയാഴ്​ചയാണ്​ (ഒക്​ടോബർ 23).

പ്രധാനമായും കോവിഡിനെ തുടർന്ന്​ ആൾക്കാർ പുസ്​തകം പുറത്തിറങ്ങാതായതും, പുസ്​തകശാലയിലെ സാംസ്​കാരിക പരിപാടികൾ ഇല്ലാതായതും ടൂറിസം നിലച്ചതുമെല്ലാം സ്​ട്രാൻഡിനെ ഞെരുക്കാൻ തുടങ്ങിയിട്ട്​ മാസങ്ങളായി. കോവിഡ്​ മഹാമാരിക്ക്‌ശേഷം കച്ചവടം 70 ശതമാനം കുറഞ്ഞു. കമ്പനിയുടെ ധന സ്രോതസ്​ പൂർണമായും വറ്റി. വായനക്കാർ ഒരു കൈ സഹായിച്ചില്ലെങ്കിൽ ഒരു നൂറ്റാണ്ടിനടുത്ത്​ പ്രായമുള്ള പുസ്​തകശാല പൂ​ട്ടേണ്ടിവരുമെന്നും നാൻസി ട്വിറ്ററിൽ കുറിച്ചു.

നാൻസി ബാസിനെ അദ്‌ഭുതപ്പെടുത്തിക്കൊണ്ടു #savethestrand എന്ന ഹാഷ്​ടാഗുമായിട്ടായിരുന്നു ന്യൂയോർക്കിലെ വായനപ്രേമികളുടെ പ്രതികരണം. മണിക്കൂറുകൾക്കുള്ളിൽ തന്നെ ഹാഷ്ടാഗ് വൈറലായി. ശനിയും ഞായറും കൊണ്ട്​ 25,000 ഓൺലൈൻ ഓർഡറുകളാണ്​ സ്​ട്രാൻഡി​ലേക്ക്​ പ്രവഹിച്ചത്​.

സാധാരണ ദിവസങ്ങളിൽ 300 വരെ ഓർഡറുകളാണ്​ ലഭിക്കാറുള്ളത്. അസാധാരണമായ ഈ തള്ളിക്കയറ്റത്തിൽ സ്​ട്രാൻഡി​ൻ്റെ ​വെബ്​സൈറ്റ്​ പ്രവർത്തനം തകരാറിലായി. സ്​ട്രാൻഡി​ൻ്റെ ന്യൂയോർക്കിലെ ബുക്​റോ എന്നറിയപ്പെടുന്ന ഫോർത്ത്​ അവന്യൂവി​ലെ ഷോപ്പിന്​ മുന്നിൽ വലിയ നിര പ്രത്യക്ഷപ്പെട്ടു. അവരൊക്കെ അച്ചടക്കത്തോടെ കോവിഡ്​ സാമൂഹിക അകലം പാലിച്ച്​ ക്ഷമയോടെ പുസ്​തകം വാങ്ങാൻ കാത്തുനിന്നു.

ശനിയും ഞായറുമായി 1.70 ലക്ഷം ഡോളറി​ൻ്റെ കച്ചവടമാണ്​ നടന്നത്​. സെപ്​റ്റംബറിൽ മാത്രം 3.16 ലക്ഷം ഡോളർ നഷ്​ടം വന്ന സ്ഥലത്താണ് ഈ കുതിച്ചുകയറ്റം.