തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ചെരിപ്പേറ്; നാല് പേർ പിടിയിൽ

single-img
27 October 2020

ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേര്‍ക്ക് പ്രതിഷേധക്കാരുടെ ചെരിപ്പേറ്. മുസഫര്‍പൂരില്‍ നടന്ന തെരഞ്ഞടുപ്പ് റാലിക്കിടെയാണ് ചെരിപ്പേറുണ്ടായത്. സംഭവത്തില്‍ ഇതുവരെ നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തു.

മുഖ്യമന്ത്രി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലി തടസപ്പെടുത്തിയതിനാണ് പോലിസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്. പ്രദേശത്തെ സക്രയില്‍തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗത്തിനു ശേഷം ഹെലിക്കോപ്ടറിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിക്ക് നേര്‍ക്ക് ചെരിപ്പെറിഞ്ഞത്.

പക്ഷെ ചെരുപ്പ് ദേഹത്ത് കൊണ്ടില്ല. ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നിതീഷ്‌കുമാറിനെതിരേ വിവിധയിടങ്ങളില്‍ മുന്‍പും സമാനസംഭവങ്ങള്‍ അരങ്ങേറിയിരുന്നു.