ഇത് പുതു ചരിത്രം; ദുബായിൽ സ്വദേശിയുടെ കട ഉദ്ഘാടനം ചെയ്തത് മലയാളി യുവാവ്

single-img
26 October 2020

ദുബായിയുടെ ഉദ്ഘാടന ചരിത്രത്തിൽ ഒരു പുതിയ നാഴികകല്ലാണ് കഴിഞ്ഞ ദിവസം നടന്നത് . സാധാരണയായി ഇവിടെ മലയാളികളടക്കമുള്ള ഇന്ത്യക്കാർ തങ്ങളുടെ വ്യാപാര സ്ഥാപനങ്ങളും മറ്റും സാധാരണ ഉദ്ഘാടനം നിർവഹിപ്പിക്കുക സ്വദേശികളായ പ്രമുഖരെകൊണ്ടാണ്. പക്ഷെ കഴിഞ്ഞ ദിവസം ദുബായിൽ സ്വദേശി പ്രമുഖന്റെ കട ഉദ്ഘാടനം ചെയ്തത് ഒരു മലയാളി യുവാവായിരുന്നു.

ദുബായിലെ അൽ തവാറിൽ ഇസിഎച്ച് എന്ന ബിസിനസ് കൺസൾട്ടിങ് സ്ഥാപനം നടത്തുന്ന കോഴിക്കോട് സ്വദേശി ഇഖ്ബാൽ മാർക്കോണി എന്ന യുവസംരംഭകനാണ് ഈ അപൂർവമായ അവസരം കൈവന്നത്. ദുബായിലുള്ള റിട്ട.പോലീസ് ഉദ്യോഗസ്ഥനായ അലി റമദാൻ അലി അഹമ്മദ് ആണ് തന്റെ ആദ്യ സംരംഭമായ ദുബായ് ഖിസൈസിലെ ടയർ ഫിക്സിങ് ആൻഡ് വീൽ അലൈൻമെന്റ് സർവീസസ് സുഹൃത്തുകൂടിയായ ഇഖ്ബാലിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചത്.

എന്നാൽ താൻ ഉദ്ഘാടനം ചെയ്യുന്നതിൽ അനൗചിത്യമുണ്ടോ എന്ന ആശങ്കയോടെ വിമുഖത കാണിച്ചപ്പോൾ അലി റമദാൻ തന്നെ നിർബന്ധിക്കുകയായിരുന്നുവെന്ന് ഇഖ്ബാൽ പറയുന്നു. തന്റെ വ്യാപാരത്തിലെ വളർച്ചയ്ക്ക് കാരണമായത് ഇഖ്ബാൽ ആണെന്നാണ് ഉദ്ഘാടനം ചെയ്യിക്കാൻ കാരണമായി അലി അഹമ്മദ് പറഞ്ഞത്. അനേക വർഷങ്ങളായി ദുബായില്‍ ബിസിനസുകാരനായ ഇഖ്ബാൽ ബിസിനസ് കൺസൾട്ടിങ് രംഗത്ത് ഏറെ ശ്രദ്ധേയനാണ്. താൻ അലി അഹമ്മദുമായി വര്‍ഷങ്ങളായി സൗഹൃദം പുലർത്തുന്നതായി ഇഖ്ബാൽ അറിയിച്ചു.