വാളയാര്‍ കേസ്: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല; പ്രതികൾ സിപിഎം പ്രവര്‍ത്തകരായതിനാല്‍ പൊലീസ് അന്വേഷിച്ചാല്‍ കാര്യമുണ്ടാകില്ലെന്നും സി ബി ഐ അന്വേഷിക്കണമെന്നും കെ സുരേന്ദ്രൻ

single-img
26 October 2020

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വാളയാര്‍ കേസിലെ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബലാത്സംഗത്തിനിരകളായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദളിത് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വീടിന് മുന്നില്‍ സത്യാഗ്രഹം നടത്തുകയാണ്. ഇവരെ സന്ദര്‍ശിക്കാനെത്തിയപ്പോളാണ് രമേശ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.

സംസ്ഥാന സര്‍ക്കാര്‍ ഇനിയും ഈ കുടുംബത്തോട് അനീതിയും ക്രൂരതയും കാട്ടരുതെന്ന് ചെന്നിത്തല പറഞ്ഞു. കുറ്റബോധം കൊണ്ടാണ് മന്ത്രി എ കെ ബാലന്‍ കുട്ടികളുടെ മാതാപിതാക്കളെ കാണാത്തതെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍, തൃത്താല എംഎല്‍എ വി ടി ബല്‍റാം എന്നിവര്‍ ചെന്നിത്തലയ്‌ക്കൊപ്പമുണ്ടായിരുന്നു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും മാതാപിതാക്കള്‍ക്ക് പിന്തുണച്ച് വീട്ടിലെത്തി. കേസ് സിബിഐ അന്വേഷിക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരായതിനാല്‍ പൊലീസ് അന്വേഷിച്ചാല്‍ കാര്യമുണ്ടാകില്ലെന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ദൂതന്‍ വഴി മുഖ്യമന്ത്രി കേസ് അട്ടിമറിച്ചെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.