ദേശീയ പതാക അംഗീകരിക്കില്ലെന്ന മെഹ്ബൂബയുടെ നിലപാടിനോട് എതിർപ്പ്; മൂന്ന് നേതാക്കള്‍ പിഡിപി വിട്ടു

single-img
26 October 2020

രാജ്യത്തിന്റെ ദേശീയ പതാക അംഗീകരിക്കില്ലെന്ന പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് മൂന്ന് നേതാക്കള്‍ പിഡിപി വിട്ടു. കാശ്മീരിലെ ടി എസ് ബജ്വ, വേദ് മഹാജന്‍, ഹുസൈന്‍ എ വഫ എന്നിവരാണ് ഇന്ന് കാരണം വ്യക്തമാക്കി പാര്‍ട്ടി മേധാവി മെഹബൂബ മുഫ്തിക്ക് രാജി കത്ത് അയച്ചത്.

ഇന്ത്യന്‍ ദേശീയ പതാകയെ കുറിച്ചുള്ള പരാമര്‍ശം തങ്ങളുടെ ദേശസ്‌നേഹ വികാരത്തെ വ്രണപ്പെടുത്തിയെന്ന് അവര്‍ കത്തില്‍ പറഞ്ഞു. ഭരണഘടനയില്‍ നിന്നും ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചപ്പോള്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ തടവിലാക്കപ്പെട്ട നിരവധി രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് കാശ്മീര്‍ മുഖ്യമന്ത്രി ആയിരുന്ന മെഹ്ബൂബ മുഫ്തി.

കഴിഞ്ഞ ദിവസം കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുനസ്ഥാപിക്കുന്നതു വരെ സംസ്ഥാനത്ത് ഇന്ത്യന്‍ ദേശീയ പതാകയെ അംഗീകരിക്കില്ലെന്ന് അവര്‍ പറഞ്ഞിരുന്നു.