എട്ടുമാസത്തിനുള്ളിൽ സംസ്ഥാനത്തു കുട്ടികളുടെ ആത്മഹത്യയിൽ വൻ വർധന, കുട്ടികളെ വൈകാരികമായി തളര്‍ത്തുന്നതും അതുപോലെ, ശാരീരികമായി ഉപദ്രവിക്കുന്നതുമുള്‍പ്പെടയുള്ള കാര്യങ്ങള്‍ ഒഴിവാക്കി കുട്ടികളെ രക്ഷകർത്താക്കൾ കൂടുതൽ ശ്രദ്ധിക്കണം

single-img
26 October 2020

കഴിഞ്ഞ എട്ടുമാസത്തിനുള്ളിൽ കേരളത്തിൽ കുട്ടികളിലെ ആത്മഹത്യ നിരക്ക് വർധിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ് കുട്ടികളുടെ ആത്മഹത്യയെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഫയര്‍ ആന്റ് റെസ്‌ക്യു ഓപ്പറേഷന്‍സ് ചെയര്‍പേഴ്‌സണ്‍ ആര്‍ ശ്രീലേഖ അധ്യക്ഷയായ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. അനുപമ ടിവി, ടികെ ആനന്ദി, അനില്‍ പ്രഭാകരന്‍, ഡോ. ജയപ്രകാശ് എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. കുട്ടികളുടെ ആത്മഹത്യയുടെ കാരണങ്ങളെക്കുറിച്ചും കമ്മിറ്റി റിപ്പോര്‍ട്ട് സുപ്രധാന നിഗമനങ്ങള്‍ നടത്തുന്നുണ്ട്.

ഫെബ്രുവരി മുതല്‍ ജൂലൈ 31 വരെ ആത്മഹത്യചെയ്തത് 158 കുട്ടികള്‍. ഇതില്‍ ഏറെയും പേർ പെണ്‍കുട്ടികളാണ്. അതേസമയം കേരളാപോലീസിന്റെ കണക്കുകൾ പ്രകാരം മാർച്ച് 23 മുതൽ സെപ്റ്റംബർ ഏഴുവരെ 173 കുട്ടികൾ ആത്മഹത്യചെയ്തുവെന്നാണ്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ ആത്മഹത്യ ചെയ്തത് 142 കുട്ടികളായിരുന്നുവെന്നാണ് 19 പോലീസ് ജില്ലകളിൽ നിന്നുള്ള കണക്കുകൾ.

വീടുകളിൽ അടച്ചിരിക്കുമ്പോഴുണ്ടാകുന്ന മാനസികസമ്മർദങ്ങളും നിസ്സാര പ്രശ്‌നങ്ങളും കുട്ടികൾ ജീവൻവെടിയുന്നതിന് കാരണമായിട്ടുണ്ട്. പത്തിനും 18-നും ഇടയിലുള്ള കുട്ടികളാണ് ആത്മഹത്യ ചെയ്തവരിലേറെയും. തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ വർഷം 21 കുട്ടികൾ ജീവനൊടുക്കിയപ്പോൾ ലോക്ഡൗൺ കാലത്ത് അത് 27 ആയി. പാലക്കാട്ട് 23 പേരും മലപ്പുറത്ത് 17 കുട്ടികളും ആലപ്പുഴയിൽ 11 കുട്ടികളും ഈ അടച്ചിടൽകാലത്ത് ആത്മഹത്യ ചെയ്തു. 154 പേരും തൂങ്ങിമരിക്കുകയായിരുന്നു. തീകൊളുത്തിയും വിഷംകഴിച്ചും മരിച്ചവരുമുണ്ട്.

കുട്ടികൾ മരണത്തിലേക്ക് നീങ്ങുന്ന സംഭവം ഗൗരവമായെടുക്കേണ്ടതാണെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. കുടുംബത്തിലെ പ്രശ്‌നങ്ങൾ, മാതാപിതാക്കളുടെ ശകാരം, പെട്ടെന്നുള്ള പ്രകോപനം, കൂട്ടുകാരുമായുള്ള വഴക്ക് തുടങ്ങിയവയും ആത്മഹത്യയ്ക്ക് കാരണമായിട്ടുണ്ട്.

ആത്മഹത്യ സാധ്യതയുള്ള കുട്ടികളെ കണ്ടെത്തുന്നതിനുള്ള സംവിധാനം എല്ലാ തലങ്ങളിലും ഉണ്ടാക്കണെമെന്നാണ് കമ്മിറ്റി ശുപാര്‍ശ ചെയുന്നത്. കുടുംബത്തിൽ നിന്നു തന്നെ ഇതിനുള്ള നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്. കുടുംബത്തില്‍ പോസിറ്റീവ് പാരന്റിംങ് പ്രോല്‍സാഹിപ്പിക്കണം, കുട്ടികളെ വൈകാരികമായി തളര്‍ത്തുന്നതും അതുപോലെ, ശാരീരികമായി ഉപദ്രവിക്കുന്നതുമുള്‍പ്പെടയുള്ള കാര്യങ്ങള്‍ ഒഴിവാക്കി, കുട്ടികളോടൊപ്പം കുടുതല്‍ സമയം ചിലവഴിക്കാന്‍ സമയം കണ്ടെത്തണം എന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. പഠന വിഷമം അനുഭവിക്കുന്ന കുട്ടികളെ പ്രത്യേക ശ്രദ്ധപുലര്‍ത്താന്‍ സംവിധാനം ഉണ്ടാകണമെന്നും ശുപാര്‍ശയില്‍ പറയുന്നു. സ്‌കൂളുകളിൽ സ്റ്റുഡന്റ് വെൽബീയിങ് പരിപാടി നടപ്പിലാക്കാനും സമിതി ശുപാര്‍ശ ചെയ്യുന്നു.

സ്റ്റുഡന്റ്‌സ് പോലീസ് കാഡറ്റുകളുടെ നേതൃത്വത്തിൽ ചിരി എന്ന കൗൺസലിങ് പദ്ധതിയും ആരംഭിച്ചു. ഇതിലൂടെ പതിനയ്യായിരത്തിലധികം കുട്ടികൾക്ക് കൗൺസലിങ് നൽകി. ഇതിൽ മൂന്നിലൊന്ന് കുട്ടികളെങ്കിലും മാനസികപിരിമുറുക്കം അനുഭവിക്കുന്നവരാണെന്നും വ്യക്തമായിരുന്നു.