സ്ത്രീപീഡനത്തിൻ്റെ കാര്യത്തിൽ ബിജെപിയും സിപിഎമ്മും ഒരേ തൂവൽ പക്ഷികൾ; ദീപ്തി മേരി വർഗീസ്

single-img
25 October 2020

സ്ത്രീപീഡനത്തിൽ ബിജെപിയും സിപിഎമ്മും ഒരേ തൂവൽ പക്ഷികളാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. ബിജെപിക്കാർ പീഡനക്കേസിലെ ഇരകളെ കൊന്നൊടുക്കുകയാണെങ്കിൽ പ്രതികളെ പൊലീസിൽനിന്ന് രക്ഷിക്കുകയാണ് സിപിഎം ചെയ്യുന്നത് .

പീഡനങ്ങളെ രാഷ്ട്രീയവൽക്കരിക്കരുതെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവന കൗതുകം ഉളവാക്കുന്നതാണെന്നും. സ്ത്രീകളെയും പെൺകുട്ടികളെയും അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുന്ന പ്രതികൾക്കു വേണ്ടി നിലകൊള്ളുകയും പൊലീസിനെ ഉപയോഗിച്ച് ഇരകളുടെ ബന്ധുക്കളെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ബിജെപി ഭരണകൂട ഭീകരതയ്ക്കെതിരെയാണ് കോൺഗ്രസ് പ്രതിഷേധിക്കുന്നത്. തെറ്റുതിരുത്തി ഇരകളുടെ കുടുംബത്തിനു സംരക്ഷണം വാഗ്ദാനം ചെയ്യേണ്ട കേന്ദ്ര ധനമന്ത്രി ഇത്തരത്തിൽ പ്രസ്താവന ഇറക്കുന്നത് സ്ത്രീകളോടുള്ള വെല്ലുവിളിയാണ്.

ഉന്നാവോ കേസിലെ സാക്ഷികളെ പ്രതിയും ബിജെപി നേതാവും കൊന്നു കളഞ്ഞപ്പോൾ മന്ത്രിയുടെ ഈ പ്രതികരണ ശേഷി കണ്ടില്ല. പ്രതി ബിജെപി നേതാവായാൽ ഇരകളുടെ ബന്ധുക്കളെ വേട്ടയാടുന്ന കേന്ദ്രമന്ത്രിയാണ് യഥാർത്ഥത്തിൽ പീഡനങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നത്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. പീഡനം നടത്തുന്നത് ഡിവൈഎഫ്ഐ–സിപിഎം അംഗങ്ങളോ നേതാക്കളോ ആണെങ്കിൽ അവരെ സർക്കാർ സംരക്ഷിക്കുകയാണ്.

മുണ്ടക്കയത്ത് പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ പ്രതി ഡിവൈഎഫ്ഐ നേതാവാണ്. വാളയാറിലെ സ്ഥിതി ഈ കേസിലും ആവർത്തിക്കാനിടയുണ്ട്. വാളയാറിലെ പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിപോലും രേഖപ്പെടുത്താൻ പൊലീസ് തയാറാവുന്നില്ല. സ്ത്രീ സുരക്ഷയെന്നത് തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാത്രമായി ഇടതുപക്ഷം ഒതുക്കിയെന്നും ദീപ്തി മേരി വർഗീസ് പറ‍ഞ്ഞു.