മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കവേ ഓക്സ്‌ഫോർഡ് കോവിഡ് വാക്സിന് മികച്ച ‘പ്രതിരോധശക്തി’ നൽകാനാകുന്നുണ്ടെന്ന് പഠനം

single-img
25 October 2020

ഓക്സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാസെനക്കയും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് മികച്ച ‘പ്രതിരോധശക്തി’ നേടാനാകുന്നുണ്ടെന്ന് അവകാശപ്പെട്ട് പുതിയ പഠനം. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കവേയാണ് പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ബ്രിസ്റ്റള്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് ഇതില്‍ പഠനം സംഘടിപ്പിച്ചത്. കൊവിഡ് വൈറസിനെതിരായി ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഓക്സ്ഫര്‍ഡ് വാക്സിന് കഴിയുന്നുണ്ടെന്നാണ് ഇവരുടെ നിഗമനം. പരമ്പരാഗതമായി വാക്സിന്‍ പ്രവര്‍ത്തിക്കുന്ന രീതിയിലല്ല, ഓക്സ്ഫര്‍ഡ് വാക്സിന്‍ പ്രവര്‍ത്തിക്കുന്നതെന്നും എന്നാല്‍ വളരെ നല്ല ഫലം ആണ് ഇത് നല്‍കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

‘ഒരു വാക്സിന്റെ പ്രവര്‍ത്തനരീതി വിലയിരുത്തി ഏറ്റവും കൃത്യമായ നിഗമനത്തിലേക്കെത്തുകയെന്നത് നിലവില്‍ നമുക്ക് സാധ്യമല്ല. അത് സാങ്കേതികതയുടെ പോരായ്കയും ആകാം. പക്ഷേ ഇതുവരെയുള്ള ഫലങ്ങള്‍ നോക്കുമ്പോള്‍ ഓക്സ്ഫര്‍ഡ് വാക്സിന്‍ ഗവേഷകലോകം പ്രതീക്ഷിച്ചതിന് അനുസരിച്ച് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ തീര്‍ച്ചയായും ഇതൊരു ശുഭവാര്‍ത്തയായി നമുക്ക് കണക്കാക്കാം’- പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ഡേവിഡ് മാത്യൂസ് പറയുന്നു.