പെണ്‍കുട്ടികളുടെ വിവാഹപ്രായമുയര്‍ത്തുന്നത് അവകാശത്തിന്മേലുള്ള കടന്നുകയറ്റം: പികെ കുഞ്ഞാലിക്കുട്ടി

single-img
25 October 2020

ഇപ്പോള്‍ ഉള്ളതില്‍ നിന്നും വീണ്ടും പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ എതിര്‍പ്പുമായി മുസ്‌ലിം ലീഗ് രംഗത്തെത്തി . കേന്ദ്രസര്‍ക്കാര്‍ തീരുമാനം സാമൂഹ്യപ്രശ്‌നമാണെന്നും അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മുസ്‌ലിം ലീഗ് നേതാവും എം പിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തിലെ മുന്നാക്ക വിഭാഗകക്കാര്‍ക്കുള്ള സാമ്പത്തിക സംവരണത്തിനെതിരെ വിവിധ മുസ്‌ലിം സംഘടനകളുമായി ചേര്‍ന്ന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഈ വിഷയത്തില്‍ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

കേന്ദ്ര സര്‍ക്കാര്‍ സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരെ കുറിച്ച് ചിന്തിക്കാതെ എടുത്ത തീരുമാനമാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘വിവാഹപ്രായം ഇപ്പോള്‍ ഉള്ള പതിനെട്ടില്‍ നിന്നും ഇരുപത്തൊന്ന് ആക്കുമ്പോള്‍ ഉണ്ടാകാവുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ അനവധിയാണ്. എങ്ങനെയെങ്കിലും ഒരു കല്യാണം നടന്നാല്‍ മതിയെന്ന് വിചാരിച്ച്, കല്യാണം ശരിയായി വരുമ്പോള്‍ മൂന്ന് കൊല്ലം കൂടി കാത്തിരിക്കേണ്ടി വരുന്ന പാവപ്പെട്ടവരെയാണ് ഇത് ഏറ്റവും ഗൗരവതരമായി ബാധിക്കുകയെന്നും അദ്ദേഹം പറയുന്നു.

സമൂഹത്തിലെ ഉയര്‍ന്ന തട്ടിലുള്ളവര്‍ക്ക് എന്തും ചെയ്യാം. എന്നാല്‍ വിവാഹമെന്നത് തന്നെ ഒരു സ്വപ്‌നമായി കരുതുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ എത്രത്തോളമാണെന്ന് ആലോചിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നയം പ്രഖ്യാപിച്ചിരിക്കുന്നത്. ‘ അദ്ദേഹംപറഞ്ഞു.