തന്നോട് കുറ്റം ഏറ്റെടുക്കാൻ ഡിവൈഎസ്പി നിർബന്ധിച്ചു; മനോവിഷമത്താൽ രാത്രി ആത്മഹത്യക്കും ശ്രമിച്ചു; വാളയാർ പെൺക്കുട്ടികളുടെ അച്ഛൻ

single-img
25 October 2020

വാളയാർ പീഡനക്കേസിൽ തന്നോട് കുറ്റം ഏറ്റെടുക്കാൻ ഡിവൈഎസ്പി സോജൻ നിർബന്ധിച്ചെന്ന നിർണായക വെളിപ്പെടുത്തലുമായി പെൺകുട്ടികളുടെ അച്ഛൻ. കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തുന്നതിനായി പെൺകുട്ടികളുടെ അച്ഛനെ ഡിവൈഎസ്പി സോജൻ വിളിപ്പിച്ചിരുന്നു. അന്ന് തന്നോട് കുറ്റം ഏറ്റെടുക്കാൻ ഡിവൈഎസ്പി സോജൻ നിർബന്ധിച്ചുവെന്ന് കുട്ടികളുടെ അച്ഛൻ പറഞ്ഞതായി ട്വന്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കേസ് ഏറ്റെടുത്താൽ തന്നെ രക്ഷിക്കാമെന്ന് സോജൻ ഉറപ്പ് നൽകിയെന്നും അദ്ദേഹം പറഞ്ഞു ട്വന്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

മനോവിഷമത്താൽ രാത്രി വീട്ടിൽ വന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്ന് അച്ഛൻ പറഞ്ഞു. എന്നാൽ പെൺകുട്ടികളുടെ അമ്മയുടെ ദേഹത്ത് കാല് തട്ടിയതിനാലാണ് രക്ഷപ്പെട്ടതെന്ന് അച്ഛൻ പറഞ്ഞു. വിഷയത്തിൽ സർക്കാർ വഞ്ചിച്ചെന്നും അദ്ദേഹം പറയുന്നു.

വാളയാർ പെൺകുട്ടികൾക്ക് നീതി തേടി കുടുംബം ഒരാഴ്ച നീണ്ടുനിൽക്കുന്ന സത്യാഗ്രഹം ആരംഭിച്ചു. കോടതിയുടെ മേൽനോട്ടത്തിൽ കേസ് പുനരന്വേഷിക്കുക, ഡിവൈഎസ്പി സോജന് സ്ഥാനകയറ്റം നൽകാനുള്ള തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

രാവിലെ കെടാവിളക്കിൽ തിരിതെളിയിച്ചാണ് പെൺകുട്ടികളുടെ അച്ഛനും അമ്മയും സമരപന്തലിൽ എത്തിയത്.