പൗരത്വ നിയമ ഭേദഗതിയെ നല്ലവാക്കുകള്‍കൊണ്ട് വിശദീകരിക്കാന്‍ ശ്രമിക്കേണ്ട, തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഞങ്ങള്‍ കുട്ടികളല്ല: അസദുദ്ദീന്‍ ഒവൈസി

single-img
25 October 2020

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ മുസ്ലിം സഹോദരങ്ങളെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവതിന്‍റെ പ്രസ്താവനയ്ക്കെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി.

ഈ കാര്യത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഞങ്ങള്‍ കുട്ടികളല്ല, സിഎഎയും എന്‍ആര്‍സിയും കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് നല്ലവാക്കുകള്‍കൊണ്ട് വിശദീകരിക്കാന്‍ ശ്രമിക്കേണ്ടെന്ന് അദ്ദേഹം തിരിച്ചടിച്ചു. ദേശീയ പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും മുസ്‌ലിം വിഭാഗത്തിന് എതിരല്ലെങ്കില്‍ അവയില്‍നിന്ന് എല്ലാ മതങ്ങളെപ്പറ്റിയും ഉള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണം എന്ന് ഒവൈസി ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ പൗരത്വത്തിന്റെ അടിസ്ഥാനം മതമാണെന്ന് പറയുന്ന ഏത് നിയമത്തെയും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നാഗ്പൂരില്‍ നടന്ന ആര്‍എസ്എസ് വിജയദശമി റാലിയില്‍ സംസാരിക്കവെയാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സിഎഎ, എന്‍ആര്‍സി എന്നിവ സംബന്ധിച്ച പരാമര്‍ശങ്ങള്‍ നടത്തിയത്.