മനുസ്മൃതി നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് എംപി; ബിജെപി നേതാവിന്റെ പരാതിയില്‍ കേസെടുത്ത് പോലീസ്

single-img
24 October 2020

മനുസ്മൃതി നിരോധിക്കണം എന്ന ആവശ്യം ഉയര്‍ത്തി തമിഴ്നാട്ടില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ലോക്സഭാംഗത്തിനെതിരെ പോലീസ് കേസെടുത്തു. തമിഴ്‌നാട്ടിലെ ചിദംബരം എം പിയും വിടുതലൈ ചിരുത്തൈഗൾ കട്ച്ചി നേതാവുമായ തോൽ തിരുമാളവനെതിരെയാണ് ബിജെപി നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തത്. സമൂഹത്തിലെ സ്ത്രീകളെയും കീഴാള ജാതിക്കാരെയും അങ്ങേയറ്റം മോശമായി ചിത്രീകരിക്കുകയും അവർക്കെതിരെ വെറുപ്പ് പടർത്തുകയും ചെയ്യുന്നതാണ് മതഗ്രന്ഥമായ മനുസ്‌മൃതിയുടെ ഉള്ളടക്കമെന്ന് തിരുമാളവൻപറഞ്ഞിരുന്നു.

‘സ്ത്രീകൾ എല്ലാവരും അഭിസാരികകളാണെന്നാണ് മനുസ്മൃതി പറയുന്നത്. അതേപോലെ തന്നെ പ്രത്യേക ജാതിയിൽപ്പെട്ടവർക്ക് ജീവിക്കാൻ അവകാശമില്ലെന്നും അത് പറയുന്നു. അതിനാലാണ് അംബേദ്‌കർ അത് കത്തിച്ചത്. എന്നാല്‍ രാജ്യത്ത് ഇപ്പോൾ അധികാരത്തിലിരിക്കുന്നവർ മനുസ്മൃതിക്കനുസരിച്ച് ഭരണഘടനയെ മാറ്റാനാണ് ശ്രമിക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് ചേരുന്ന രീതിയിലാണോ ഭരണം നടക്കുന്നത് എന്ന ചോദ്യം ഇവിടെ ഉയരുന്നത് അതുകൊണ്ടാണ്.’ തിരുമാളവന്‍ പറഞ്ഞിരുന്നു.

ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് തമിഴ്നാട്ടിലെ ബിജെപി നേതാവായ ഖുശ്‌ബു ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.
എവിടെയാണ് മനുസ്മൃതിയിൽ സ്ത്രീകൾ അഭിസാരികകൾ ആണെന്ന് പറഞ്ഞിട്ടുള്ളതെന്നും, സ്ത്രീകളെ അപമാനിക്കുന്നതാണ് വിസികെ നേതാവിന്റെ പ്രസ്താവനയെന്നും ഖുശ്‌ബു വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ തിരുമാളവനെ അനുകൂലിച്ചുകൊണ്ട് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ രംഗത്തെത്തി.
പോലീസ് എടുത്ത തിരുമാളവനെതിരെയുള്ള കേസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.