മരുന്നിന് ഗുണനിലവാരമില്ലെന്ന് കേരളം, ഉണ്ടെന്ന് കേന്ദ്രം, ലക്ഷങ്ങളുടെ നഷ്ടം ആരോഗ്യവകുപ്പിന്

single-img
24 October 2020

ഗുണനിലവാരമില്ലെന്ന് കണ്ടെത്തി സംസ്ഥാനം വിതരണം നിർത്തി വച്ച മരുന്നിന് ഗുണനിലവാരമുണ്ടെന്ന് സെൻട്രൽ ഡ്രഗ് ലബോറട്ടറി. ഇതോടെ, വിതരണം നിർത്തി വച്ച ഒരു ബാച്ച് മരുന്ന് ആശുപത്രികളിലൂടെ സൗജന്യമായി നൽകേണ്ട അവസ്ഥയിലാണ് സർക്കാർ. ഈ മാസം 31-ന് കാലാവധി കഴിയുന്ന മരുന്നുകൾ കൊടുത്ത് തീർക്കാനായില്ലെങ്കിൽ ലക്ഷങ്ങളുടെ നഷ്ടമാണ് മെഡിക്കൽ സർവീസസ് കോർപ്പറേഷന് ഉണ്ടാകുക.

ഡൈക്ലോഫെനാക് സോഡിയം 50 മില്ലി ഗ്രാമിൻറെ ഗുളികയുടെ ഒരു ബാച്ച് മരുന്നുകൾക്കാണ് ഗുണനിലവാരം ഇല്ലെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ വിഭാഗം കണ്ടെത്തിയത്. വിവേക് ഫാർമ കെം കമ്പനിയുടെതാണ് മരുന്ന്. ഇതിനെക്കുറിച്ച് പരാതി ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ വർഷം ജനുവരി 15ന് വിതരണം മരവിപ്പിച്ച് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നിർദേശം സർക്കാർ ആശുപത്രികൾക്ക് കൈമാറി.

ഡിഎഫ്പി 18016 എന്ന ബാച്ചിൽ നിന്ന് സാംപിളെടുത്ത് പരിശോധിച്ചപ്പോൾ ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 2-ന് ഈ ബാച്ച് മരുന്ന് വിതരണം പൂർണമായും നിർത്തിവച്ചു. കമ്പനിക്കെതിരെ നിയമനടപടികളും തുടങ്ങി. ഇതോടെ ഗുണനിലവാരമില്ലെന്ന പരിശോധന റിപ്പോർട്ടിനെതിരെ കമ്പനി അപ്പലേറ്റ് അതോറിറ്റിയായ സെൻട്രൽ ഡ്രഗ്സ് ലബോറട്ടറിയെ സമീപിച്ചു.

സിഡിഎൽ പരിശോധിച്ച സാംപിളിൽ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മരുന്ന് വിതരണം പുനരാരംഭിക്കാൻ ഇക്കഴിഞ്ഞ വ്യാഴാഴ്ച മെഡിക്കൽ കോർപ്പറേഷന് നിർദേശം നൽകുകയായിരുന്നു. അതേസമയം ഈ ബാച്ച് മരുന്നുകളുടെ കാലാവധി ഈ മാസം 31-ന് അവസാനിക്കും. അതിനുമുമ്പ് സംസ്ഥാനമൊട്ടാകെയുള്ള സർക്കാർ ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുന്ന ഡൈക്ലോഫെനാക് ഗുളികകൾ രോഗികൾക്ക് കൊടുത്ത് തീർക്കാനാകില്ല. കാലാവധി കഴിയുന്ന മരുന്നുകൾ നശിപ്പിക്കേണ്ടി വരും. എന്നാൽ വാങ്ങിയ മരുന്നിൻറെ വില കമ്പനിക്ക് പൂർണമായും നൽകേണ്ടിയും വരും.