പതിനാറുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിയിൽ; പെൺകുട്ടി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു

single-img
24 October 2020

ഇടുക്കി നരിയംപാറയിൽ 16-കാരിയെ പീഡിപ്പിച്ച കേസിൽ നരിയംപാറ സ്വദേശി മനു മനോജ് (24) അറസ്റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകനും ഓട്ടോ ഡ്രൈവറുമാണ് അറസ്റ്റിലായ മനു. ഡിവൈഎഫ്ഐ പ്രവർത്തകനായ മനുവിനെ സംഘടനയിൽനിന്നു പുറത്താക്കിയതായി ഏരിയ കമ്മിറ്റി അറിയിച്ചു. പീഡനത്തിനിരയായ ദളിത് പെൺകുട്ടി കഴിഞ്ഞദിവസം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.

മനു മനോജ് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ബുധനാഴ്ച വീട്ടുകാർ കട്ടപ്പന പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും പ്രതി ഒളിവിലായിരുന്നു. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം മനു പല തവണ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

ഇതിനിടെയാണ് വെള്ളിയാഴ്ച രാവിലെ രാവിലെ എട്ടോടെയാണ് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്. കുളിമുറിയിൽ കയറിയ പെൺകുട്ടി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പെൺകുട്ടിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ പ്രതിയെ പോലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് യുവമോർച്ച പ്രവർത്തകരും രംഗത്തെത്തിയിരുന്നു.