തോടിന് കുറുകെ കെട്ടിയ പാലത്തിന് ഒരേ ദിവസം രണ്ടു ഉദ്ഘാടനം; തദ്ദേശ ​തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉദ്ഘാടനമാമാങ്കങ്ങൾ

single-img
23 October 2020

തദ്ദേശ ​തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉദ്ഘാടനമാമാങ്കങ്ങൾ അരങ്ങുതകർക്കുന്നു. കൊണ്ടോട്ടിയിൽ നടന്നത് ഒരു പാലത്തിന് രണ്ട് ഉദ്ഘാടനം. കൊണ്ടോട്ടി വലിയ തോടിന് കുറുകെ 17 മൈല്‍ പാലത്തിനാണ് ഒരേദിവസം രണ്ടു ഉദ്ഘാടനം നടത്തിയത്.

നഗരസഭ 38 ലക്ഷം മുടക്കി നിര്‍മിച്ച പാലമാണ് ആദ്യം ഇടതുപക്ഷ വാര്‍ഡ് കൗണ്‍സിലറും പിന്നീട് നഗരസഭ ചെയര്‍പേഴ്‌സനും ഉദ്ഘാടനം ചെയ്തത്. യു.ഡി.എഫിനാണ്​ ഇവിടെ ഭരണം. കൊണ്ടോട്ടി 17 ബൈപാസ് റോഡില്‍നിന്ന് ദയ നഗര്‍, വെണ്ണേങ്കോട് പള്ളിയാളി, നമ്പോലം കുന്ന്, കാഞ്ഞിരപ്പറമ്പ്, വിമാനത്താവളം ഭാഗത്തേക്കുള്ള റോഡിലെ വലിയ തോടിന് കുറുകെയാണ് പുതിയ പാലം നിര്‍മിച്ചത്.

നിലവിലുള്ള ഇടുങ്ങിയ ചെറിയ കോൺക്രീറ്റ്​ പാലം അപകടാവസ്ഥയിലായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് പ്രവൃത്തി തുടങ്ങിയത്. നിര്‍മാണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സൻ കെ.സി. ഷീബയാണ് നിര്‍വഹിച്ചത്. ഒന്നരമാസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് തീരുമാനമെങ്കിലും കോവിഡ് മൂലം പ്രതിസന്ധിയിലായി. ജൂണില്‍ വീണ്ടും പ്രവൃത്തികള്‍ തുടങ്ങിയാണ്​ കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കിയത്. വാർഡ്​ കൗണ്‍സിലറായ പുലാശ്ശേരി മുസ്തഫ വ്യാഴാഴ്ച രാവിലെ ഒമ്പതിന്​ ഉദ്ഘാടനം ചെയ്തു. പിറകെയാണ്​ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ചെയര്‍പേഴ്‌സൻ കെ.സി. ഷീബയുടെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങളും സ്ഥലത്തെത്തി പാലം ഉദ്ഘാടനം ചെയ്തു.