കൊച്ചിയിൽ പൊലീസ് സ്റ്റേഷന് മുന്നിലെ മരത്തിൽ കയറി ട്രാൻസ് യുവതിയുടെ ആത്മഹത്യാശ്രമം

single-img
23 October 2020
transgender kochi police station

കൊച്ചി(Kochi): പൊലീസ് സ്റ്റേഷനുമുന്നിൽ മരത്തിന് മുകളിൽ കയറി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ട്രാൻസ് യുവതിയെ (Transgender) താഴെയിറക്കി. ഫയർ ഫോഴ്സിന്റെ (Fireforce) സഹായത്തോടെയാണ് താഴെയിറക്കിയത്. കൊച്ചി കസബ പൊലീസ് സ്റ്റേഷന്റെ (Kochi Kasaba Police station) മുന്നിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.

സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയിട്ടും സ്വീകരിക്കുന്നില്ല എന്നാരോപിച്ചാണ് ട്രാൻസ് യുവതിയായ ആവണി ഒരു മണിക്കൂറോളം  മരത്തിന്റെ മുകളിൽ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ആവണി ട്രാൻസ്ജൻഡർ കമ്യൂണിറ്റിയിൽപ്പെട്ട മറ്റുള്ളവരും താമസിക്കുന്ന കലൂരിനടുത്തുള്ള വീട്ടിൽ ചില ഗുണ്ടകളെത്തി ഇവരെ ആക്രമിക്കുകയും പണം അപഹരിക്കുകയും ചെയ്തുവെന്നായിരുന്നു ഇവരുടെ പരാതി. എന്നാൽ പരാതി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ല. ഇതെത്തുടർന്നാണ് ആവണി പ്രതിഷേധവുമായി മരത്തിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.

ഒപ്പം താമസിക്കുന്ന കുട്ടികൾ അടക്കമുള്ളവരെ ഗുണ്ടകൾ ആക്രമിച്ചപ്പോൾ ഇവർ പരാതിയുമായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിക്കുകയായിരുന്നു. കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഇവർ ആദ്യം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും മൊഴിയെടുക്കുന്നതിനായി ഇവരെ കസബ പൊലീസ് സ്റ്റേഷനിലേയ്ക്ക് അയയ്ക്കുകയായിരുന്നു. എന്നാൽ കസബ പൊലീസ് സ്റ്റേഷനിലെത്തി മണിക്കൂറുകളോളം കാത്തിരുന്നിട്ടും പൊലീസ് മൊഴിയെടുക്കാൻ തയ്യാറാകാതിരുന്നതിനെത്തുടർന്നാണ് ആവണി പ്രതിഷേധവുമായി മരത്തിന് മുകളിൽ കയറിയത്.

പിന്നീട് ഫയർഫോഴ്സെത്തി ആവണിയെ താഴെയിറക്കിയെങ്കിലും ഇവർ ബോധരഹിതയായതിനെത്തുടർന്ന് ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവം വിവാദമായതോടെ പൊലീസ് ഇവരുടെ പരാതി സ്വീകരിക്കാൻ തയ്യാറായിട്ടുണ്ട്. എട്ടുമണിക്കുമുന്നേ പരാ‍തി സ്വീകരിച്ച് രസീത് നൽകാമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Content: Transwomen attempts suicide in front of Kochi Kasaba Police Station; Says Police refused to register complaint