ഇന്ത്യയുടെ കൊവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി; ഡല്‍ഹി, മുംബൈ, പാട്ന, ലക്‌നൗ തുടങ്ങി രാജ്യത്തെ 19 കേന്ദ്രങ്ങളിലായി 22000 പേരിലാണ് പരീക്ഷണം.

single-img
23 October 2020

തദ്ദേശീയമായി കൊറോണ വാക്സിനുമായി (കോവാക്‌സിൻ) ബന്ധപ്പെട്ട് പ്രതീക്ഷ നൽകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇന്ത്യ നിര്‍മിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് ഡ്രഗ്‌സ് ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.എ) യുടെ അനുമതി. പ്രതിരോധ വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനാണ് പരീക്ഷണാനുമതി ലഭിച്ചിരിക്കുന്നത്.

ഐ.സി.എം.ആര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ചാണ് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ഒക്ടോബര്‍ രണ്ടിനാണ് മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതിക്കായി ഭാരത് ബയോ ടെക് അപേക്ഷ നല്‍കിയത്.

മൂന്നാംഘട്ട പരീക്ഷണത്തിനായി 22000 വളണ്ടിയര്‍മാരെ തെരെഞ്ഞെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി, മുംബൈ, പാട്ന, ലക്‌നൗ തുടങ്ങി രാജ്യത്തെ 19 കേന്ദ്രങ്ങളിലായാണ് ക്ലിനിക്കല്‍ പരീക്ഷണം നടക്കുന്നത്. ഇതുവരെ പതിനെട്ട് വയസിനു മുകളിലുള്ള 28,500 പേരില്‍ പരീക്ഷണം നടത്തിക്കഴിഞ്ഞതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യ തദ്ദേശീയ കൊവിഡ് വാക്‌സിനായിരിക്കും കൊവാക്‌സിന്‍

സെപ്റ്റംബറില്‍ ഭാരത് ബയോടെക്ക് നല്‍കിയ വിവരപ്രകാരം മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍ കൊവാക്‌സിന്‍ അനുകൂല പ്രതികരണം കാണിച്ചിട്ടുണ്ടായിരുന്നു. ഭാരത് ബയോടെക്കിനെ കൂടാതെ സൈഡസ് കാഡില എന്ന കമ്പനിയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം രണ്ടാം ഘട്ടത്തിലാണ്.