ദുരിതക്കയത്തിലും കോഴികളെ വളര്‍ത്തി ഉപജീവനമാര്‍ഗം കണ്ടെത്തി യുവതലമുറയ്ക്ക് മാതൃകയായി അബൂബക്കറിന്‍റെ റാങ്ക് നേട്ടം

single-img
23 October 2020

കോഴിക്കോട് നരിക്കുനിയിലെ അബൂബക്കര്‍ സിദ്ധിഖ് നീറ്റ് പരീക്ഷയിൽ ഉന്നതവിജയം നേടിയത് പ്രതിസന്ധികളോട് നിരന്തരം പൊരുതിയാണ് . മാനസിക രോഗിയായ പിതാവിനെയും അസുഖ ബാധിതയായ മാതാവിനെയും കൊണ്ട് സ്ഥിരം ആശുപത്രി കയറിയിറങ്ങുന്ന തിരക്കിനിടയിലും കോഴികളെ വളര്‍ത്തി ഉപജീവനമാര്‍ഗം കണ്ടെത്തിയ അബൂബക്കറിന്‍റെ റാങ്ക് നേട്ടം ഇന്നത്തെ യുവതലമുറയ്ക്ക് മാതൃകയാണ്.

മഴയില്‍ പലഭാഗത്തും ചോർന്നൊലിക്കുന്ന കൂരയും വീട്ടിലെ മണ്‍ചുമരുമായിരുന്നു അബൂബക്കര്‍ സിദ്ധിഖിന് പഠിച്ചുയരാനുണ്ടായിരുന്ന ഏകതുണ. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് പിതാവ്. കോഴികളെ വിറ്റാണ് അബൂബക്കര്‍ ഉപജീവനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.

സ്വകാര്യപഠനകേന്ദ്രം പൂര്‍ണ ഫീസിളവ് നല്‍കിയത് വലിയ അനുഗ്രഹമായി. ഒബിസി വിഭാഗത്തില്‍ 1208ാം റാങ്കാണ് നേട്ടം.
പരീക്ഷാതലേന്ന് പോലും വീട് ചോര്‍ന്നൊലിച്ച നിലയിലായിരുന്നു. ഇത് മാര്‍ക്ക് കുറയാന്‍ കാരണമായെന്നാണ് ഉമ്മയുടെ വിലയിരുത്തല്‍.

ഇവര്‍ക്കിപ്പോള്‍ നിരാശയില്ല. മറിച്ച് സന്തോഷം മാത്രം. അവര്‍ക്കറിയാം ഇന്നല്ലെങ്കില്‍ നാളെ ഈ കൂരയ്ക്ക് പകരം മകന്‍ നല്ലൊരു വീടുയര്‍ത്തുമെന്ന്. എന്നാല്‍ ഡോക്ടറായി പഠിച്ചിറങ്ങാനുളള ചിലവ് എങ്ങനെ കണ്ടെത്തുമെന്നത് അബൂബക്കറിന്റെ കുടുംബത്തെ ആശങ്കയിലാക്കുകയാണ്.