കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് ഇന്നലെവരെ 5,295 പേർക്കെതിരേ നടപടി

single-img
22 October 2020

തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്നലെ (21 ഒക്ടോബർ 2020) 498 പേർക്കെതിരേ നടപടിയെടുത്തു. സി.ആർ.പി.സി. 144 ന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിയോഗിച്ച സെക്ടറൽ മജിസ്ട്രേറ്റുമാർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണു നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 15 പേർക്കെതിരേ കേസെടുത്തു. വിവിധ നിയമ ലംഘനങ്ങൾ നടത്തിയതിന് 85 പേരിൽനിന്നു പിഴ ഇടാക്കി. 398 പേരെ താക്കീത് ചെയ്തു വിട്ടയച്ചു. ഇതുവരെ 5,295 പേർക്കെതിരേ നടപടി ഒക്ടോബർ നാലു മുതലാണ് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രത്യേക സംഘം ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതു സംബന്ധിച്ച പരിശോധന തുടങ്ങിയത്.

ഇന്നലെ (21 ഒക്ടോബർ )വരെയുള്ള കണക്കനുസരിച്ച് 5,295 പേർക്കതിരേ നടപടിയെടുത്തിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ ചന്തകളും ആഴ്ച ചന്തകളും തുറന്നതിന് മൂന്നു കേസും കൂട്ടംകൂടിയതിന് 313 കേസുകളും കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഒമ്പതും കണ്ടെയ്ൻമെന്റ് സോണിൽ അവശ്യസാധനങ്ങൾ വിൽക്കുന്നതല്ലാത്ത കടകൾ തുറന്നിന് 52 ഉം കേസുകൾ ചാർജ് ചെയ്തു.

പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാതെ ഇറങ്ങിയ 1,337 പേർക്കെതിരേ നടപടിയെടുത്തു. നിയമം ലംഘിച്ച് കടകൾ തുറന്നതിന് 335ഉം കണ്ടെയ്ൻമെന്റ് സോണിൽ പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചതിന് നാലും കടകളിൽ സാമൂഹിക അകലം പാലിക്കാത്തതിന് 494ഉം സന്ദർശക രജിസ്റ്റർ സൂക്ഷിക്കാത്തതിന് 1,869 ഉം മാസ്‌ക്, സാനിറ്റൈസർ എന്നിവ കൃത്യമായി ഉപയോഗിക്കാതിരുന്നതിന് 721 ഉം കേസുകളിൽ നടപടിയെടുത്തു. പൊതുസ്ഥലങ്ങളിൽ തുപ്പിയതിന് 48 ഉം ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചതിന് 14ഉം പേർക്കെതിരേയും സി.ആർ.പി.സി. 144 പ്രകാരമുള്ള നിയമലംഘനത്തിന് 96 പേർക്കെതിരേയും നടപടിയെടുത്തു.