സ്വവർഗാനുരാഗികളും ദൈവത്തിന്റെ മക്കൾ; അവർക്കും കുടുംബജീവിതത്തിനവകാശമുണ്ടെന്ന് മാർപ്പാപ്പ

single-img
22 October 2020
pope francis backs same sex marriages

സ്വവർഗാനുഗികളും (Same-Sex Couples) ദൈവത്തിന്റെ മക്കളാണെന്നും അവർക്കും കുടുംബജീവിതത്തിനവകാശമുണ്ടെന്നും ഫ്രാൻസിസ് മാർപ്പാപ്പ(Pope Francis) . അദ്ദേഹത്തിന്റെ ജീവചരിത്രം അധികരിച്ച് തയ്യാറാക്കിയ ഫ്രാൻസെസ്കോ (Francesco) എന്ന ഡോക്യുമെന്ററിയിലാണ് (Documentary) കത്തോലിക്കാ സഭയുടെ ഇതുവരെയുള്ള നിലപാടുകളെ തള്ളിപ്പറഞ്ഞുകൊണ്ട് വിപ്ലവകരമായ പ്രസ്താവന പോപ്പ് നടത്തിയിരിക്കുന്നത്.

“സ്വവർഗാനുരാഗികൾക്ക് കുടുംബത്തിന്റെ ഭാഗമാകാനുള്ള അവകാശമുണ്ട്. അവർ ദൈവത്തിന്റെ മക്കളാണ്. അവർക്ക് കുടുംബജീവിതം നയിക്കാനുള്ള അവകാശമുണ്ട്. ആരെയും പുറത്താക്കുകയോ അതുമൂലം ദുരിതത്തിലാക്കുകയോ ചെയ്യരുത്.”

മാർപ്പാപ്പ പറഞ്ഞു.

റഷ്യന്‍ ഡോക്യുമെന്ററി സംവിധായകനായ എവ്ജെനി അഫിനീവസ്കിയാണ് (Evgeny Afineevsky) ഫ്രാൻസെസ്കോ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത്. പരിസ്ഥിതി, ദാരിദ്ര്യം, കുടിയേറ്റം  എന്നീ വിഷയങ്ങള്‍ക്കൊപ്പം സ്വവര്‍ഗാനുരാഗികളോടും പുരോഹിതരുടെ ലൈംഗികാതിക്രമത്തിന് ഇരയായവരോടുമുളള  മാര്‍പാപ്പയുടെ നിലപാടും അനുകമ്പയും  പ്രമേയമാക്കിയാണ് ഡോക്യുമെന്ററി. റോം ഫിലിം ഫെസ്റ്റിവലിലായിരുന്നു ഡോക്യുമെന്ററി ആദ്യമായി പ്രദർശിപ്പിച്ചത്.

നിയമപരമായി സംരക്ഷണം സ്വര്‍ഗാനുരാഗികള്‍ അര്‍ഹിക്കുന്നതാണെന്നും അത് നല്‍കേണ്ടതാണെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നു. സംവിധായകന്‍ നേരിട്ട്  നടത്തുന്ന അഭിമുഖത്തിലാണ് മാര്‍പാപ്പ മനസുതുറക്കുന്നത്.  ചിലെയില്‍ പുരോഹിതരുടെ ലൈംഗിക അതിക്രമത്തിന് ഇരയായ സ്വവര്‍ഗാനുരാഗിയായ യുവാവും ഡോക്യുമെന്റെറിയില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ദൈവമാണ് തന്നെ സ്വവര്‍ഗാനുരാഗിയാക്കിയതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്നോട് പറഞ്ഞതായി ഈ യുവാവ് വെളിപ്പെടുത്തുന്നു.

സ്വവർഗാനുരാഗം പാപമാണെന്നാണ് കൃസ്തുമതം അടക്കമുള്ള മിക്കവാറും എല്ലാ മതങ്ങളും അനുശാസിക്കുന്നത്. സ്വവർഗാനുരാഗത്തിനെതിരെ കടുത്ത നിലപാടുകൾ സ്വീകരിച്ച ചരിത്രമാണ് കത്തോലിക്കാ സഭയ്ക്കുള്ളത്. എന്നാൽ സ്വവർഗാനുരാഗത്തെ പൂർണമായും സ്വാഗതം ചെയ്തുകൊണ്ട് കത്തോലിക്കാ സഭയുടെ അധിപൻ തന്നെ രംഗത്തെത്തിയത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.

Content: “Lesbian & gay couples are children of God”: Pope Francis Backs Civil Unions for Gay Couples