പത്ത് രൂപയ്ക്ക് ബിരിയാണി വിറ്റ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു

single-img
22 October 2020

ഉദ്ഘാടന ദിവസം പത്ത് രൂപയ്ക്ക് ബിരിയാണി വിറ്റ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. 29-കാരനായ സാഹിര്‍ ഹുസൈനെയാണ് കടയുടെ മുന്നില്‍ ആളുകള്‍ കൂട്ടം കൂടിയതോടെ തമിഴ്നാട് വിരുധു നഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

രാവിലെ പതിനൊന്ന് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ രണ്ട് മണിക്കൂര്‍ നേരത്തേക്കായിരിക്കും ഓഫറെന്നായിരുന്നു പരസ്യം. ഇതോടെ കടയിലേക്ക് ആളുകള്‍ ഇരച്ചെത്തി. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയുമാണ് മിക്കവരും എത്തിയത്. ആളുകളുടെ തിരക്ക് റോഡിലേക്ക് എത്തിയതോടെ പൊലീസ് ഇടപെടുകയായിരുന്നു.

കൊവിഡ് സാഹചര്യത്തില്‍ പകര്‍ച്ച വ്യാധി നിയമം പ്രകാരമാണ് നടപടി. ഉദ്ഘാടന ദിവസം പത്ത് രൂപയ്ക്ക് ഒരു പ്ലേറ്റ് ബിരിയാണി നല്‍കുമെന്ന് നേരത്തെ പരസ്യം നല്‍കിയിരുന്നു.

2500 ബിരിയാണി പാക്കറ്റുകളാണ് കരുതി വെച്ചിരുന്നത്. ഇതില്‍ 500 എണ്ണം വിറ്റപ്പോഴേക്കും പൊലീസ് എത്തിയിരുന്നു. ഉടമയെ അറസ്റ്റ് ചെയ്ത ശേഷം ബാക്കി വന്ന ബിരിയാണി പാക്കറ്റുകള്‍ പാവങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പൊലീസ് തന്നെ വിതരണം ചെയ്തു.